മുനമ്പത്തിനു പിന്നാലെ ചാവക്കാട്ട് 200 ലേറെ കുടുംബങ്ങള്‍ 'വഖഫ് ഭീഷണി'യില്‍; ഇടപെടല്‍ തേടി ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍
waqf land issue
മുനമ്പം സമരത്തിൽ നിന്ന് ഫയൽ
Updated on
1 min read

കൊച്ചി: എറണാകുളം മുനമ്പത്തിനു പിന്നാലെ തൃശൂരിലെ ചാവക്കാട്ടും വഖഫ് ഭീഷണിയില്‍ പ്രദേശവാസികള്‍. വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ ചാവക്കാട്ട് 200-ലധികം കുടുംബങ്ങളാണ് മുനമ്പത്തേതിന് സമാനമായ പ്രതിസന്ധി നേരിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് തീരദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ക്കായി നിരവധി താമസക്കാരാണ് കാത്തിരിക്കുന്നത്. എന്നാല്‍ വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചതിനാല്‍ റവന്യൂ അധികൃതര്‍ രേഖകള്‍ നല്‍കുന്നില്ല.

പെണ്‍മക്കളുടെ വിവാഹത്തിന് വായ്പയെടുക്കുന്നതിന് പ്രദേശവാസിയായ വലിയകത്ത് ഹനീഫ തന്റെ ആറ് സെന്റ് ഭൂമിയുടെ രേഖക്കായി അടുത്തിടെ മണത്തല വില്ലേജ് ഓഫീസിലെത്തി. എന്നാല്‍, ഭൂമി വഖഫ് ബോര്‍ഡിന്റേതായതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതര്‍ ഹനീഫയോട് പറഞ്ഞു. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആര്‍ഒആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ്) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.

മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ കുടുംബങ്ങള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് അന്‍മോള്‍ മോത്തി പറഞ്ഞു. ദീര്‍ഘകാലമായി തങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി അവകാശപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഭാവിയെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്. മണത്തല പള്ളിയുടെ പരിസരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതേ പ്രശ്നം നേരിടുന്നുണ്ട്. മണത്തല മസ്ജിദും വാര്‍ഷിക നേര്‍ച്ച ഉത്സവവും മധ്യകേരളത്തില്‍ പ്രശസ്തമാണ്. ഈ പ്രദേശത്തെ വീടുകളാകട്ടെ തൊട്ടുതൊട്ടാണ് സ്ഥിതി ചെയ്യുന്നത്.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലം മുതല്‍ ഇവിടെ താമസിക്കുന്നവരും, ഇവിടെ ഭൂമി വാങ്ങിയവരും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പട്ടയം കൈപ്പറ്റിയവരും ഉള്‍പ്പെടെയുള്ളവരും പ്രശ്‌നം നേരിടുന്നവരില്‍ ഉള്‍പ്പെടുന്നുവെന്ന് അന്‍മോള്‍ മോത്തി പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അന്‍മോള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണെന്ന് ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന കുടുംബങ്ങളാണ്. അവര്‍ ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com