വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം, പി വി അന്‍വറിനെതിരെ കേസെടുക്കും; കലക്ടര്‍ നിര്‍ദേശം നല്‍കി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
pv anwar pressmeet
പി വി അൻവറിന്റെ വാർത്താസമ്മേളനം ടിവി ദൃശ്യം
Published on
Updated on

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിവേകിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍.

ചേലക്കരയിലെ ഹോട്ടലില്‍ അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇത് ചട്ടലംഘനമാണെന്നും വാര്‍ത്താ സമ്മേളനം നിര്‍ത്താനും അന്‍വറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കൂട്ടാക്കാതിരുന്ന അന്‍വര്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു. തുടര്‍ന്ന് വിലക്ക് ലംഘിച്ച അന്‍വറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി മടങ്ങുകയായിരുന്നു.

ചീഫ് ഓഫീസറില്‍ നിന്നും അനുമതി വാങ്ങിയിരുന്നെന്നും വാര്‍ത്താസമ്മേളനം വിലക്കുന്നത് എന്തിനാണെന്നും അന്‍വര്‍ ചോദിച്ചു. ചട്ടം ലംഘിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്മാറില്ല. പറയാനുള്ളത് പറയും. ഭയപ്പെടുത്തിയിട്ട് കാര്യമില്ല. ഏറ്റുമുട്ടല്‍ എന്തിനാണെന്നും അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. വാര്‍ത്താസമ്മേളനം അടക്കമുള്ളവ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. കോളനികളില്‍ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്ന് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പൊലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തെരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ചെറുതുരുത്തിയില്‍ നിന്നും 25 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്. മരുമകനല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്‍കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് ഇടതുമുന്നണിയെന്നും അന്‍വര്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com