തിരുവനന്തപുരം: ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. താരത്തെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സാമുഹികമാധ്യമത്തില്‍ ചിത്രവും കുറിപ്പും പങ്കുവച്ചു. ''അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍'' ശിവന്‍കുട്ടി പറഞ്ഞു.
റിസല്‍റ്റ് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു നടന്‍. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്റെ വിജയം. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.
കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി അല്പം വലച്ചുവെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു. ഏഴാംതരം തുല്യത പരീക്ഷ പാസായതോടെ പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യതയായി. ഏഴാംക്ലാസുവരെ പഠിച്ചിരുന്നെങ്കിലും പ്രാരബ്ധങ്ങളില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. ചിത്രീകരണത്തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക