പരസ്യം നല്‍കിയത് സിപിഎം, പണം നല്‍കിയത് ബിജെപി ഓഫീസില്‍ നിന്ന്; ബൂമറാങ് ആകുമെന്ന് സന്ദീപ് വാര്യര്‍

'ഞാന്‍ നല്ല ഒന്നാം തരം കോമ്രേഡ് ആകുമെന്ന് എകെ ബാലനാണ് പറഞ്ഞത്. നിലപാട് തിരുത്തി വന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് എംബി രാജേഷ് പറഞ്ഞില്ലേ?'
Sandeep Varier against cpm advertisement
സന്ദീപ് വാര്യര്‍
Published on
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം പത്രങ്ങളില്‍ സിപിഎം നല്‍കിയ പരസ്യം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളെ തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇത് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമാണ്. പരസ്യം കൊടുത്തത് സിപിഎം ആണെങ്കിലും അതിന് പണം കൊടുത്തത് ബിജെപി ഓഫീസില്‍ നിന്നാണെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ഇന്ന് ഇന്ന് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്. സിപിഎം തെരഞ്ഞെടുത്ത രീതി കേരളത്തിന്റെ സാമൂഹികതയെയും മതനിരപേക്ഷ നിലപാടുകളെ തകര്‍ക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇത് വടകരയില്‍ സ്വീകരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായതോ അല്ലെങ്കില്‍ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സിപിഎം ആണെങ്കിലും അതിന് പണം കൊടുത്തത് ബിജെപി ഓഫീസില്‍ നിന്നാണെന്നാണ് മനസിലാക്കുന്നത്. താന്‍ പോന്നതില്‍ വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ്. അതിനെക്കാള്‍ ഏറെ സിപിഎം എന്തിനാണ് വിഷമിക്കുന്നത്. പരസ്യം കൊടുക്കാനായി അവര്‍ തെരഞ്ഞെടുത്ത രണ്ട് മാധ്യമങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ട് വര്‍ഗീയമായി വിഭജിക്കാനുള്ള ലക്ഷ്യമിട്ടുള്ള പ്രചാരണമാണ്. ഇത് പാലക്കാട്ടെ ജനം തിരിച്ചറിയുമെന്നും തള്ളിക്കളയുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'ഇനി പരസ്യം തന്നെ വ്യാജമാണ്. ഫാക്ട് ഫൈന്‍ഡിങ് ടീം അത് വ്യാജമായ സ്‌ക്രീന്‍ഷോട്ടാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. മനോരമയുടെ ഒരു ചര്‍ച്ചയില്‍ സിപിഎം നേതാവ് സ്വരാജ് നടത്തിയ പരാമര്‍ശം അദ്ദേഹത്തെ കളിയാക്കാന്‍ വേണ്ടി അതേ ചര്‍ച്ചയില്‍ തന്നെ ഞാന്‍ പറഞ്ഞതാണ്, അതും എന്റെ തലയില്‍ ആരോപിച്ചുകൊണ്ടാണ് ആ പരസ്യം കൊടുത്തിട്ടുള്ളത്'- സന്ദീപ് വാര്യര്‍ പറഞ്ഞു.

'ഇന്നലെ മുഖ്യമന്ത്രി പാണക്കാട്ടെ തങ്ങളെ കുറിച്ച് ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പ്രസ്താവന നടത്തി. അതിന്റെ പ്രത്യാഘാതം ഭയന്നാണ് ഇന്ന് വര്‍ഗീയ വിഭജനത്തിന് വേണ്ടി പുതിയ തുറുപ്പുചീട്ടുമായി വന്നത്. താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന് ശേഷം പഴയ കാര്യങ്ങള്‍ പറഞ്ഞ് ആക്ഷേപിക്കുന്നതില്‍ എന്താണ് കാര്യമുള്ളത്?. ഞാന്‍ അത്രയക്ക് മോശമാണെങ്കില്‍ എന്തിനായിരുന്നു ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവ് ആകുമെന്ന് എകെ ബാലന്‍ പറഞ്ഞത്. ഞാന്‍ നല്ല ഒന്നാം തരം കോമ്രേഡ് ആകുമെന്ന് എകെ ബാലനാണ് പറഞ്ഞത്. നിലപാട് തിരുത്തി വന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് എംബി രാജേഷ് പറഞ്ഞില്ലേ?. നല്ല സര്‍ട്ടിഫിക്കറ്റ് തന്ന ശേഷം ഞാന്‍ മോശക്കാരാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. രാഹുലിന് വന്‍ വിജയം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പരിഭ്രാന്തിയിലാണ്. വിജയത്തിന്റെ ശോഭകെടുത്താനാണ് ഇത്തരത്തിലൊരു പരസ്യം നല്‍കിയത്. ഇത് സിപിഎമ്മിന് ബൂമറാങ് ആകും. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്' സന്ദീപ് വാര്യര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com