'സജി ചെറിയാന്‍ തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും'; മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

രാജിവെച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്തു നിന്നും സജി ചെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു
k phone
വി ഡി സതീശൻ ഫയൽ
Published on
Updated on

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം. സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ എടുത്തപ്പോള്‍ അതു ശരിയല്ലെന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. ആ നിലപാടിന് കിട്ടിയ അംഗീകാരം കൂടിയാണ് ഹൈക്കോടതി വിധിയെന്നും സതീശന്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മുമ്പ് സജി ചെറിയാന്‍ രാജിവെക്കാനിടയായ സാഹചര്യമുണ്ടായിരുന്നു. അതിനേക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആ പ്രസംഗത്തില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് പ്രഥമദൃഷ്ട്യാ സജി ചെറിയാന്‍ പറഞ്ഞത് ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആദ്യം രാജിവെച്ച സജി ചെറിയാനെ പിന്‍വാതിലിലൂടെ വീണ്ടും മന്ത്രിയായി നിയമിച്ച മുഖ്യമന്ത്രിക്കു കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ അന്വേഷണത്തെ സ്വാധീനിച്ചതായി തെളിഞ്ഞു. ഇനിയും മന്ത്രിസ്ഥാനത്ത് തുടര്‍ന്നാണ് അന്വേഷണം പ്രഹസനമായി മാറും. ഗുരുതരമായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന്‍ അടിയന്തരമായി രാജിവെക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം.

വിചാരധാരയെന്ന ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലെ ഒരു പാരഗ്രാഫ് അങ്ങനെ തന്നെ മലയാളത്തിലേക്ക് തര്‍ജുമ നടത്തിയാണ് സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത്. നമ്മുടെ ഭരണഘടന മറ്റുള്ളവരുടെ ഭരണഘടനയുടെ കോപ്പിയടി ആണെന്നും, ഭരണഘടന കുന്തമാണെന്നും കുടച്ചക്രമാണെന്നും മോശം പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയത്. ഭരണഘടനയെ തള്ളിപ്പറയുകയാണ് സജി ചെറിയാന്‍ ചെയ്തത്. സജി ചെറിയാനെ ഒരു കാരണവശാലും മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു. തെറ്റായ നടപടിയാണ് മുഖ്യമന്ത്രി ചെയ്തത് എന്നും വിഡി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com