മുനമ്പത്ത് പരിഹാരം തേടി സർക്കാർ; മുഖ്യമന്ത്രി വിളിച്ച യോ​ഗം വൈകീട്ട്; കേസ് ഇന്ന് ട്രൈബ്യൂണലിൽ

മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും
munambam strike
മുനമ്പം സമരം ഫെയ്‌സ്ബുക്ക്‌
Published on
Updated on

തിരുവനന്തപുരം: മുനമ്പം പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. വൈകിട്ട് 4ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. നിയമ, റവന്യു, വഖഫ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വഖഫ് ബോർഡ് ചെയർമാൻ, വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. ഭൂമിക്കു മേൽ പ്രദേശവാസികൾക്കുള്ള അവകാശം എങ്ങനെ പുനഃസ്ഥാപിക്കാമെന്നാണ് സർക്കാർ പരിശോധിക്കുന്നത്.

മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോർട്ട് യോഗം പരിഗണിക്കും. ഫാറൂഖ് കോളജിനു ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികൾക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണു പരിശോധിക്കുക. ഇന്നത്തെ യോഗത്തിൽ‌ പ്രശ്നപരിഹാരത്തിനു കഴിഞ്ഞില്ലെങ്കിൽ വിഷയം പഠിക്കാനായി മന്ത്രിതല ഉപസമിതി രൂപീകരിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നാണ് സർക്കാർ പറയുന്നത്.

ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും യോ​ഗത്തിൽ ചർച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, മുനമ്പം സമര സമിതി പ്രതിനിധികൾ തുടങ്ങിയവർ ചര്‍ച്ചയിൽ പങ്കെടുത്തു.

അതേസമയം, മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥാനമായ ട്രൈബ്യൂണല്‍ പരിഗണിക്കുക. വഖഫ് ബോര്‍ഡ് 2019ല്‍ ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് റജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നാണ് ഫാറൂഖ് കോളജിന്‍റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com