തിരുവനന്തപുരം: മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സമരസമിതിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ടാണ് മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി ഓൺലൈനായി ചർച്ച നടത്തിയത്.
ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായാണ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുൻപാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുൻപാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്.- മുഖ്യമന്ത്രി പറഞ്ഞു.
നോട്ടിസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക