തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. ബിജെപിയുടെ വോട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ ഗുണഭോക്താവ് ആരാണെന്ന് പരിശോധിച്ച് നോക്കണം. ഒരിക്കലും ഈ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി സരിനെയാണ് ഞങ്ങള്‍ നിര്‍ത്തിയത്. സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന് ബോധ്യമായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം ഇടതുപക്ഷത്തിനു വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ ശക്തമായി ഒപ്പംനിര്‍ത്തി മുന്നോട്ടുപോകും.
ചേലക്കരയില്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും വര്‍ഗീയവാദികളുടെയും മാധ്യമങ്ങളുടെയും എതിര്‍പ്പ് മറികടന്നാണ് യുആര്‍ പ്രദീപിന്റെ വിജയം. 12,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ജയം. കേരളരാഷ്ട്രീയം എങ്ങോട്ടേക്കാണെന്നു വ്യക്തതയും ദിശാബോധവും നല്‍കുന്ന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് പറയാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് നിര്‍ണായകമായ ചുമതല വഹിക്കാനാകുമെന്നാണ് ഈ വിധിയില്‍നിന്നു മനസിലാകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക