'അധികാരത്തിനായി ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നു, സാദിഖലി തങ്ങള്‍ക്കെതിരെയുള്ളത് രാഷ്ട്രീയ വിമര്‍ശനം'

മുസ്ലീം ലീഗിനെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച മുഖ്യമന്ത്രി അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പാടില്ലാത്തത് പലതും മുസ്ലീം ലീഗ് ചെയ്യുന്നുവെന്നും പറഞ്ഞു
Chief Minister reiterated his criticism of the Muslim League
പിണറായി വിജയന്‍
Updated on
1 min read

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനത്തെ വിണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞത് പാണക്കാട് തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനമല്ല. പറഞ്ഞത് മുസ്ലീം ലീഗ് അധ്യക്ഷനെ കുറിച്ചാണ്. അത് രാഷ്ട്രീയ വിമര്‍ശനമാണെന്നും മറ്റൊന്നുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്ലീം ലീഗിനെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച മുഖ്യമന്ത്രി അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പാടില്ലാത്തത് പലതും മുസ്ലീം ലീഗ് ചെയ്യുന്നുവെന്നും പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും അതുപോലെ തന്നെ എസ്ഡിപിഐയെ വലിയ തോതില്‍ രംഗത്തിറക്കി എല്‍ഡിഎഫിനെ പരാജയപ്പെടുത്താം എന്നതായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ജയം കാണാന്‍ കഴിയുന്നത് ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം എത്ര കണ്ട് ഭദ്രമായി അണിനിരന്നിരിക്കുന്നുവെന്നുള്ളതാണ്. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോണ്‍ഗ്രസ് ആണ്. അന്ന് നിയമസഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇരിക്കുകയായിരുന്നു ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് എതിര്‍പ്പ് വേണം എന്നും ലീഗില്‍ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിര്‍ത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു.

'കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങള്‍ ആയി മാറുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. എല്‍ഡിഎഫിനെ വലിയ തോതില്‍ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് എല്‍ഡിഎഫിനെ നല്ല രിതിയില്‍ അംഗീകരിക്കുന്ന നിലപാടാണ് പൊതുവെ തെരഞ്ഞടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ചലക്കര പിടിക്കാന്‍ യുഡിഎഫ് നന്നായി ശ്രമിച്ചില്ലേ?. സര്‍ക്കാര്‍ വിലയിരുത്തല്‍ എന്നല്ലേ യുഡിഎഫ് പറഞ്ഞത്?. എന്നിട്ടു എന്തായി?. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കം സകലരെയും അണിനിരത്തിയില്ലേ?. ആകെ നോക്കിയാല്‍ ജനങ്ങള്‍ എല്‍ഡിഎഫിന് ഒപ്പം അണിനിരക്കുന്ന എന്നാണ് ഫലം പറയുന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസിന് ലോക്‌സഭയില്‍ കിട്ടിയ വോട്ട് പോലും ലഭിച്ചില്ല. ചേലക്കരയിലും പാലക്കാടും എല്‍ഡിഎഫിന് വോട്ട് കൂട്ടാനായി. പാലക്കാട് ബിജെപിയോടുള്ള അകലം എല്‍ഡിഎഫ് കുറച്ചുവെന്നും' മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com