തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും.
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി പൊതുഭരണവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ രണ്ട് മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും അപേക്ഷകള്‍ അയക്കാം. ഓണ്‍ലൈനായി അയക്കാന്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോര്‍ട്ടല്‍ ഉണ്ടാക്കും.
പരാതികള്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാന്‍ നിശ്ചിത സര്‍വീസ് ചാര്‍ജ് ഇടാക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന രസീതും കൈപ്പറ്റണം.2023 ഏപ്രില്‍,- മെയ് മാസങ്ങളിലാണ് ഇതിന് മുന്‍പ് അദാലത്ത് സംഘടിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക