പത്തനംതിട്ട: തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.
ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കഴുത്തു കുരുങ്ങി ആലപ്പുഴ തകഴി സ്വദേശി സെയ്ദ് മരിക്കുന്നത്. ബൈക്കിൽ കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ കോൺട്രാക്ടർ, കയർ കെട്ടിയവർ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.
സെയ്ദിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക