'കക്ഷികളുടെ വാക്ക് കേട്ടാണോ കേസ് നീട്ടി വെക്കുന്നത്?' സ്‌റ്റേ ഉത്തരവ് വിചാരണക്കോടതികള്‍ കര്‍ശനമായി പാലിക്കണം: ഹൈക്കോടതി

ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അതിന് ശേഷം മാത്രമേ കേസ് മാറ്റിവെക്കാവൂ എന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
high court of kerala
ഹൈക്കോടതി
Published on
Updated on

കൊച്ചി: സ്‌റ്റേ ഉത്തരവ് സംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അവ ലംഘിച്ചാല്‍ വളരെ ഗൗരവമായി കാണുമെന്നും സംസ്ഥാനത്തെ കോടതികള്‍ക്ക് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അതിന് ശേഷം മാത്രമേ കേസ് മാറ്റിവെക്കാവൂ എന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ വിരുദ്ധമായി വിചാരണക്കോടതികള്‍ പ്രവര്‍ത്തിച്ചാല്‍ ഗൗരവമായി കാണുമെന്നും കോടതി പറഞ്ഞിരുന്നു.

ഹൈക്കോടതിയുടെ സ്‌റ്റേ ഇല്ലെങ്കിലും സ്‌റ്റേയുണ്ടെന്ന് കക്ഷികള്‍ വാക്കാല്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നപടികള്‍ വിചാരണക്കോടതികള്‍ ഉള്‍പ്പെടെ വര്‍ഷങ്ങളോളം നീട്ടിവെക്കുന്ന കേസുകള്‍ ഒട്ടേറെയുണ്ടെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്. ഈ ഉത്തരവ് ജേര്‍ണലുകളിലും പത്രങ്ങളിലുമുള്‍പ്പെടെ പ്രസിദ്ധീകരിച്ചിരുന്നെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സെപ്തംബര്‍ 28നും ഒക്ടോബര്‍ 19നും പരിഗണക്ക് വന്ന കേസ് സത്യവാങ് മൂലം ലഭിക്കാതെ തന്നെ സ്റ്റേ ഉണ്ടെന്ന് കാണിച്ചു കാസര്‍കോട് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റിവെച്ചു. തുടര്‍ന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

2019 മാര്‍ച്ച് 14ന് ഹൈക്കോടതി 10 ദിവസത്തേക്ക് മാത്രം തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ട കേസായിരുന്നു ഇത്. എന്നാല്‍ ഈ വര്‍ഷം നവംബര്‍ 13 വരെ ഈ കേസ് പരിഗണിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതി കക്ഷികളില്‍ നിന്നുള്ള സത്യവാങ്മൂലം ഇല്ലാതെ എന്തുകൊണ്ടാണ് കേസ് മാറ്റിവെച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എതിര്‍ കക്ഷിക്കെതിരെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് നിയമപ്രകാരം നടപടിയെടുക്കുന്നതു സംബന്ധിച്ച് കാഞ്ഞങ്ങാട് റബേഴ്‌സ് ലിമിറ്റഡ് നല്‍കിയ കേസാണിത്. കേസ് നാല് മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com