ന്യൂഡല്‍ഹി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പ് അനുമതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികള്‍ ആണെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. കണ്ണൂരിലെ പമ്പിന്റെ എന്‍ഒസിയില്‍ പരാതി ലഭിച്ചിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് ഉന്നയിച്ചിരുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടോ?, എന്‍ഒസിയുമായി ബന്ധപ്പെട്ട അന്വേഷണം ഏതു രീതിയിലാണ് എന്നീ കാര്യങ്ങളാണ് അടൂര്‍ പ്രകാശ് ചോദിച്ചിരുന്നത്. പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നാണ് സുരേഷ് ഗോപി മറുപടിയില്‍ അറിയിച്ചത്.
പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് പരാതി കേന്ദ്രത്തിന് ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയായിരുന്നു പരാതി. ഇത് തുടര്‍നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. നവീന്‍ബാബുവിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക