'ആന ഓടിച്ചു, മരത്തിന്റെ പിന്നില്‍ മിണ്ടാതിരുന്നു; അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്തത്ര കൂരിരിട്ട്'

കോതമംഗലം കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിയ സമയത്ത് ആന ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകള്‍
three women missing in kuttampuzha forest found
കാട്ടിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തിയപ്പോൾസ്ക്രീൻഷോട്ട്
Published on
Updated on

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിയ സമയത്ത് ആന ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകള്‍. പേടിച്ച് ഓടിക്കയറി പാറപ്പുറത്ത് കയറി. ചുറ്റിലും നിന്ന് ആന ബഹളം ഉണ്ടാക്കി. രാത്രി മുഴുവന്‍ അനങ്ങാതെ ഇരുന്നതായി ഡാര്‍ളി സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പശുവിനെ തിരഞ്ഞ് പോയപ്പോള്‍ ചെക്ക് ഡാം വരെ നിശ്ചയമുണ്ടായിരുന്നു. തുടര്‍ന്നാണ് വഴിതെറ്റിയതെന്ന് പാറുക്കുട്ടി പറഞ്ഞു. 'മുന്നോട്ടുപോകേണ്ട ഞങ്ങള്‍ പിന്നാക്കം പോയി. അങ്ങനെയാണ് വഴിതെറ്റിയത്. ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല. പ്രാര്‍ഥിക്കുകയായിരുന്നു. പുരയുടെ അത്രയും വലിപ്പമുള്ള പാറയുടെ മുകളില്‍ കയറിയാണ് ഇരുന്നത്. ആനയ്ക്ക് പിടിക്കാന്‍ കഴിയുന്നതിലും അകലെയായിരുന്നു. ആന പിടിക്കാന്‍ വന്നാല്‍ മാറാനുള്ള സൗകര്യം പാറയുടെ മുകളില്‍ ഉണ്ടായിരുന്നു. അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്ത അത്രയും കൂരിരിട്ടായിരുന്നു. അടുത്ത് ആളുണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയായിരുന്നു. രാത്രി രണ്ടുമണി വരെ ചുറ്റിലും ആന ഉണ്ടായിരുന്നു. വഴിതെറ്റി നടന്നുപോകുന്നതിനിടെ ആന ഓടിച്ചിട്ടു. ഒരു മരത്തിന്റെ പിന്നില്‍ ഞങ്ങള്‍ മൂന്നുപേരും മറഞ്ഞിരുന്നു. മിണ്ടരുതെന്ന് പറഞ്ഞു. ആ സമയത്ത് ഒന്നും ഭയന്നുപോയി.'- പാറുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

രാത്രിയില്‍ വനത്തില്‍ ഉച്ചത്തില്‍ പേര് വിളിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ മൂവരും തങ്ങള്‍ വിളിക്കുന്നത് കേട്ടിരുന്നുവെന്ന് ദൗത്യ സംഘം. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് മൂവരും തിരിച്ച് മറുപടി പറയാതെ മിണ്ടാതിരുന്നു. നായാട്ട് സംഘമായിരിക്കുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. നാലുമണിക്കൂര്‍ നേരമാണ് കാട്ടില്‍ അടുത്തടുത്തായി ഉണ്ടായിരുന്നതെന്നും ദൗത്യസംഘം പറഞ്ഞു.

കോതമംഗലം കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ ഇന്നലെ പോയപ്പോഴാണ് മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവര്‍ക്ക് വഴിതെറ്റിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മായയുടെ മകന്‍ ഉള്‍പ്പെടുന്ന സംഘമാണ് കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലേക്ക് കയറിപ്പോയതിനെ തുടര്‍ന്ന് മായയുടെ പശുവിനെ ബുധനാഴ്ചയാണ് കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു.

വഴിതെറ്റി ആനക്കൂട്ടത്തിന്റെ ഇടയില്‍പ്പെട്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. കാട്ടില്‍ തുടര്‍ന്ന രണ്ടു സംഘമാണ് ഇന്ന് രാവിലെ മൂവരെയും കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com