

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിയെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതില്‍ അതുമായി ബന്ധപ്പെട്ട് സമ്പ്രദായമുണ്ട്. അതുപ്രകാരം പരിശോധിച്ച് റിപ്പോര്‍ട്ട് വരട്ടെ. ആരോപണം വന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ ഒഴിവാക്കില്ല എന്നതാണ് നിലപാട്. എഡിജിപിയെ സംരക്ഷിക്കുന്ന പ്രശ്‌നമില്ല. മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നടപടി ഉണ്ടാകണമെന്ന് ആഗ്രഹിക്കരുത്. ഇക്കാര്യത്തില്‍ തന്റെ നിലപാടാണ് വ്യക്തമാക്കിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നിയോഗിച്ച എഡിജിപി അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു. ആ റിപ്പോര്‍ട്ടില്‍ അവിടെയുണ്ടായിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ എത്താതിരുന്നത് സൂചിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് എഡിജിപി അവിടെ എത്താതിരുന്നത് എന്നതു സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എഡിജിപിയെക്കുറിച്ചുള്ള കാര്യം പരിശോധന കൂടാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതിനാല്‍ അതുകൂടി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടുന്ന മുറയ്ക്ക് അതുമായി ബന്ധപ്പെട്ട നടപടിയെടുക്കും. ഒരു മാസത്തെ സമയപരിധിയാണ് നല്‍കിയിട്ടുള്ളത്.
പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമത്തില്‍ അന്വേഷണറിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. പൂരവുമായി ബന്ധപ്പെട്ട ചുമതല നല്‍കുന്ന വിവിധ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പരിശോധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
കേരളത്തിന്റെ തനതായ സാംസ്‌കാരിക അടയാളമായിട്ടാണ് തൃശൂര്‍ പൂരത്തെ നാം കാണുന്നത്. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിലേ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു എക്‌സിബിഷന് തറ വാടകയുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രശ്‌നമുണ്ടായത്. അതില്‍ സര്‍ക്കാര്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. പൂരത്തില്‍ ആനകളുമായി ബന്ധപ്പെട്ടും പ്രശ്‌നം ഉയര്‍ന്നിരുന്നു. അതും നല്ല രീതിയില്‍ പ്രശ്‌നപരിഹാരത്തിന് കഴിഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിലാണ് പൂരം നടന്നത്. പൂരത്തിന്റെ അവസാനഘട്ടത്തിലാണ് ചില വിഷയങ്ങള്‍ ഉണ്ടാകുന്നത്. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതേത്തുടര്‍ന്നാണ് എഡിജിപി അജിത് കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ആ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി വഴി സെപ്റ്റംബര്‍ 24 ന് ലഭിച്ചു. എഡിജിപി നല്‍കിയത് സമഗ്രമായ റിപ്പോര്‍ട്ടായി കരുതാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതായിട്ടാണ് കാണുന്നത്. അങ്ങനെ സംശയിക്കാനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് ഗൗരവമായിട്ടാണ് കാണുന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാമൂഹ്യാന്തരീക്ഷത്തെ തകര്‍ക്കാനുള്ള ഒരു കുത്സിത നീക്കവും അംഗീകരിക്കാനാവില്ല. കേരള സമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമായ വിഷയം എന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തില്‍ കുറ്റങ്ങള്‍ നടത്തിട്ടുണ്ടെന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
