അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു; പലരും പണം വച്ചുനീട്ടി; വാങ്ങിയില്ലെന്ന് മനാഫ്

അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല. അര്‍ജുനായി അവസാനം വരെ നിലനിന്നു. അവനെ വീട്ടിലെത്തിച്ച ശേഷമാണ് ദൗത്യം അവസാനിപ്പിച്ചത്.
lorry driver manaf on media
മനാഫ് മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on
2 min read

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ച് ലോറി ഉടമ മനാഫ്. വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് മാപ്പുപറയുന്നു.

ഇത്തരമൊരു വാര്‍ത്താസമ്മേളനം സ്വപ്‌നത്തില്‍ പോലും ആലോച്ചിരുന്നില്ലെന്ന് മനാഫ് പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ സത്യാവസ്ഥ പറയാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല. അര്‍ജുനായി അവസാനം വരെ നിലനിന്നു. അവനെ വീട്ടിലെത്തിച്ച ശേഷമാണ് ദൗത്യം അവസാനിപ്പിച്ചത്. ദൗത്യത്തില്‍ ഒരിടത്തും പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തിനോടൊപ്പമാണ് താനും തന്റെ കുടുംബവും നില്‍ക്കുന്നത്. ഇങ്ങനെയെത്തിയതില്‍ താനായാലും അവരായാലും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടിയിരുന്നു. മുബീന്‍ തന്റെ നേരിയ അനിയനാണ്. അവനാണ് ഈ വാഹനത്തിന്റെ ആര്‍സി ഓണര്‍. തങ്ങള്‍ പാര്‍ട്ണര്‍ഷിപ്പില്‍ കച്ചവടം ചെയ്യുന്നവരാണ്. വാഹനം രണ്ടുപേരുടെയും കൂടിയാണെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. ഒരു അഞ്ച് പൈസ ആരോടും വാങ്ങിയിട്ടില്ല. ഒരുറുപ്പിക വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം. തന്റെ അക്കൗണ്ടുകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും മനാഫ് പറഞ്ഞു. പലരും തനിക്ക് പണം വച്ച് നീട്ടിയെങ്കിലും ആരോടും താന്‍ ഒരു പണവും പറ്റിയിട്ടില്ല.

യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചതാണ് അവരുടെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്. തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് അവന്റെ ഫോട്ടോ മാറ്റിയെന്നും മനാഫ് പറഞ്ഞു. അവിടെ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ മാറിയപ്പോള്‍ അവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്. പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജനങ്ങളുമായി വിവരം പങ്കുവയ്ക്കാന്‍ വേണ്ടി കൂടിയാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനലുകളില്‍ പേര് ലോറി ഉടമ മനാഫ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടാണ് അത്തരമൊരു പേര് ഇട്ടത്. ഇതില്‍ ലൈവ് ഇടുന്നതുപോലും തന്നെ പഠിപ്പിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. ഇന്നലെവരെ പത്തായിരംപേരാണ് ഉണ്ടായത്. ഇന്ന് അത് രണ്ടരലക്ഷം പേരാണ് പിന്തുടരുന്നതെന്നും മനാഫ് പറഞ്ഞു.

'മുക്കത്ത് ഒരു സ്കൂളിൽ ഒരു ചടങ്ങ് ഉണ്ടായിരുന്നു. മനാഫിന് ഒരു തുക തരുമെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് അതു വേണ്ട എന്നു പറഞ്ഞതാണ്. അപ്പോൾ മാനേജ്മെന്റ് തീരുമാനമെന്നാണ് അവർ പറഞ്ഞത്. അപ്പോൾ അർജുന്റെ മകന് അത് കൊടുക്കുമെന്ന് ഞാൻ അവരെ അറിയിച്ചിരുന്നു. അർജുന്റെ മകന് അക്കൗണ്ട് നമ്പറുണ്ടോ എന്നതാണ് ഞാൻ ചോദിച്ച ഏറ്റവും വലിയ തെറ്റ്. ആരെങ്കിലും എനിക്ക് പണം തരുന്നുണ്ടെങ്കിൽ അത് മകന് കിട്ടട്ടേ എന്നാണ് ഞാൻ കരുതിയത്. അതാണ് അവർക്ക് പ്രശ്നമായത്. എന്നാൽ ഇന്ന് ഞാൻ പരിപാടിക്ക് പോയെങ്കിലും സ്കൂളിൽ നിന്ന് പണം വാങ്ങിയിട്ടില്ല. അവന് എന്തെങ്കിലും കിട്ടട്ടെ എന്ന് കരുതിയാണ് അക്കൗണ്ട് നമ്പർ ചോദിച്ചത്. അത് അവർക്ക് പ്രശ്നമായെങ്കിൽ മാപ്പ് പറയുന്നു.

അർജുനെ കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്. അഞ്ജു ലോറിയുടമ മുബീൻ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചർച്ചകൾ തുടങ്ങിയത്. അതുകൊണ്ടാണ് അർജുന്റെ കൂടെ വരണമെന്നു കരുതിയ ഞാൻ അതിന് മുമ്പേ വന്ന് വീട്ടുകാരോട് സംസാരിച്ചത്. പക്ഷേ, അത് അവർക്ക് തൃപ്തികരമായില്ല എന്നാണ് തോന്നിയത്. പിന്നാലെ രാത്രി വീണ്ടും പോയി വ്യക്തമായി അവരോട് സംസാരിച്ചതാണ്. മുബീൻ എന്റെ അനിയനാണ്, അവന്റെ വാഹനമാണ്, ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം അവരോട് പറഞ്ഞിരുന്നു.

2000 രൂപ ഞാൻ കൊടുത്തു എന്നാണ് അവർ പറഞ്ഞ മറ്റൊരു ആരോപണം. അത് അങ്ങനെയല്ല, ഞാൻ ബഹുമാനിക്കുന്ന ഒരു ഉസ്താദ് എന്നോട് അർജുന്റെ വീട്ടിൽ കൊണ്ടുപോകണം എന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്, അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. അതൊരു പ്രായമായൊരാൾ കൊടുത്തു എന്ന തലത്തിൽ എടുക്കാനുള്ളതേ ഉള്ളു.’ മനാഫ് പറഞ്ഞു.

ഈ വിഷയം ഇന്നത്തോട് കൂടി അവസാനിക്കണം. ഇത് ഇങ്ങനെ അവസാനിപ്പിക്കാനാണ് ഇങ്ങനെ ഒരു വാര്‍ത്താ സമ്മേളനം നടത്തിയത്. അര്‍ജുന്റെ വിഷയത്തിന്റെ പേരില്‍ ആ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്. അവര്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിന് പിന്നില്‍ മറ്റ് ആരെങ്കിലും ഉണ്ടാകാം. തങ്ങളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായാല്‍ മാപ്പുപറയാന്‍ ഒരു മടിയുമില്ല. ലോകത്തിന് മാതൃകയായ ഒരു രക്ഷാപ്രവര്‍ത്തനമാണ് നമ്മള്‍ നടത്തിയതെന്നും മനാഫ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com