മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പാർട്ടിയെ ഇന്ന് പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന് പേരിട്ടിരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് മഞ്ചേരിയിൽ വച്ച് നടക്കുക. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുടെ സംഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കാനും അൻവറിന് നീക്കം നടത്തുന്നുണ്ട്.
പി വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചനകളുണ്ടായിരുന്നു. അൻവർ ചെന്നെെയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സഖ്യനീക്കത്തിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്റ്റാലിനു കത്തു നൽകിയിട്ടുണ്ട്.
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തിൽ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുടെ പ്രധാന നേതാക്കൾ മഞ്ചേരിയിൽ പരിപാടിയിലേക്ക് എത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. പുതിയ പാർട്ടി രൂപവത്കരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കാനാണ് അൻവറിന്റെ നീക്കം.
സിപിഎമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന എംകെ സ്റ്റാലിന്റെ പാർട്ടിയിലേക്കുള്ള അൻവറിന്റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്. കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡിഎംകെ ശ്രമങ്ങൾക്ക് ഇതു കരുത്തുപകരുമെന്നും റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക