സഭയില്‍ നാടകീയ രംഗങ്ങള്‍, സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി പ്രതിഷേധം, അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും

സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള പ്രതിപക്ഷാംഗങ്ങളുടെ നീക്കം വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി
assembly protest
പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയുടെ പുറത്തേക്ക് ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വരികയും, സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം ഒഴിവാക്കിയതിലാണ് പ്രതിപക്ഷം ആദ്യം പ്രതിഷേധം അറിയിച്ചത്. ഇതില്‍ സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ മുദ്രാവാക്യത്തിനിടെ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചത് ബഹളം രൂക്ഷമാക്കി. സ്പീക്കറുടെ ഡയസിന് സമീപത്തേക്ക് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തി. സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള മാത്യു കുഴല്‍നാടന്‍ അടക്കമുള്ള പ്രതിപക്ഷാംഗങ്ങളുടെ നീക്കം വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡും പ്രതിപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. മടിയിലെ കനമാണ് പ്രശ്‌നം, സര്‍ക്കാരല്ലിത് കൊള്ളക്കാര്‍, ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ പിവിയുടെ സ്‌ക്രിപ്റ്റ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചു. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് സ്പീക്കര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമർശം സഭാചട്ടങ്ങളിൽ നിന്നും നീക്കിയതായി സ്പീക്കർ ഷംസീർ അറിയിച്ചു. പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്നും, നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് സതീശന്‍ തെളിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തന്റെ വാക്കുകൾ സഭാ രേഖയിൽ നിന്ന് നീക്കിയെന്നും, എന്നാൽ മുഖ്യമന്ത്രി വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താൻ നിലവാരമില്ലാത്തായാളാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി നല്ല വാക്കുപറ‍ഞ്ഞിരുന്നെങ്കിൽ താൻ വിഷമിച്ചു പോയേനെ. എന്റെ നിലവാരം മുഖ്യമന്ത്രി അളക്കേണ്ടതില്ല. മുഖ്യമന്ത്രി കടുത്ത അഴിമതിക്കാരനാണ്. മുഖ്യമന്ത്രിയെപോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതേ എന്നാണ് എല്ലാ ദിവസവും പ്രാർത്ഥിക്കുന്നതെന്നും വിഡി സതീശൻ തിരിച്ചടിച്ചു. എം വി രാഘവനെ തല്ലിയപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ്?. സഭ തല്ലി പൊളിച്ചപ്പോൾ പുറത്തുനിന്ന് പിന്തുണ കൊടുത്തത് ആരാണ്? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

താൻ അഴിമതിക്കാരനാണെന്ന് പറ‍ഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഭരണ പ്രതിപക്ഷ ബഹളങ്ങൾക്കിടെ ഏതാനും ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. ഇതിനിടെ, മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും എത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ദേശീയ മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നത് സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസിലെ സണ്ണി ജോസഫ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇത് 12 മണിക്ക് അടിയന്തരമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com