

കണ്ണൂര്‍: താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെ പരസ്യമായാണ് വിമര്‍ശിച്ചത്. കൂടാതെ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയത് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
പി പി ദിവ്യയുടെ വിവാദ പ്രസംഗം
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ പറഞ്ഞ, എന്റെയൊക്കെ ഹൃദയത്തില്‍ തറച്ച വാചകമുണ്ട്. ഒരു ഫയല്‍ എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പലപ്പോഴും ഞാന്‍ വിമര്‍ശനമായി പറയുന്നതായിട്ട് കരുതുക, അങ്ങനെ പറഞ്ഞിട്ടുപോലും എന്റെ കൈയിലുള്ള ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്ന് എത്രപ്പേര്‍ക്ക് തോന്നിയിട്ടുണ്ടാവും. പത്തുപതിനഞ്ചും പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങുന്ന മനുഷ്യന്‍, അവര്‍ അങ്ങനെ വന്നുപോകുമ്പോള്‍, ആ മനുഷ്യന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെന്ന് ഒരു തവണയെങ്കിലും ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. മറ്റൊരു കാര്യം. വളരെ സുതാര്യമായിട്ടുള്ള സംവിധാനങ്ങള്‍ ഉള്ള കാലമാണ്. സുതാര്യം എന്നു പറഞ്ഞാല്‍ ഒരു രഹസ്യവും നമുക്ക് ആര്‍ക്കും ഇല്ല. ഞാന്‍ ഇന്ന്് ഫോണില്‍ സംസാരിക്കുന്നതു പോലും പലര്‍ക്കും കേള്‍ക്കാം. ഞാന്‍ വിചാരിക്കുന്നത്. കലക്ടര്‍ വിളിക്കുമ്പോള്‍ ഞാനും കലക്ടറും മാത്രമേ അറിയൂ എന്നാണ്. ഇതിനപ്പുറം ഒരുപാട് ആളുകള്‍ കേള്‍ക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒരുപാട് കണ്ണുകള്‍ ഉണ്ട് എന്ന കാര്യം നമ്മള്‍ വിശ്വസിക്കണം.
യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുകയാണ്. അദ്ദേഹം മറ്റൊരു ജില്ലയിലേക്ക് പോകുകയാണ്. മുന്‍ എഡിഎമ്മുകളില്‍ നിന്ന് വ്യത്യസ്തമായി ഇദ്ദേഹത്തെ അധികം വിളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കല്‍ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. നിങ്ങള്‍ സൈറ്റ് ഒന്നുപോയി നോക്കണം. ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോള്‍ ഒരു ദിവസം പറഞ്ഞ് സൈറ്റ് പോയി നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ആ സംരംഭകന്‍ എന്റെ മുറിയില്‍ പലതവണ വന്നു. തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു തീരുമാനമാകും. വീണ്ടും വീണ്ടും അദ്ദേഹം എന്റെ അടുത്ത് വന്നു. എഡിഎമ്മിനോട് പറഞ്ഞു. ഇത് എന്തെങ്കിലും നടക്കോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഒരു വളവും തിരിവും ഉള്ളതുകൊണ്ട് ഒരു എന്‍ഒസി കൊടുക്കാന്‍ പ്രയാസമാണ് എന്ന് അദ്ദേഹം പറഞ്ഞു.
സംരംഭകന്‍ എന്റെ അടുത്ത് വന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ ഇങ്ങനെ ഇടയ്ക്കിടെ വന്നു കാണേണ്ട ആവശ്യമില്ല. ഞാന്‍ ഒന്നോ രണ്ടോ തവണ അദ്ദേഹത്തോട് പറഞ്ഞുകഴിഞ്ഞു.നിങ്ങളെ സഹായിക്കണം. ഒരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഒരു സെക്കന്‍ഡ് വച്ച് സഹായിക്കേണ്ടവരാണ് നമ്മളെല്ലാം എന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി.കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. എന്‍ഒസി എങ്ങനെ കിട്ടി എന്നത് എനിക്ക് അറിയാം. ആ എന്‍ഒസി കൊടുത്തതില്‍ നന്ദി പറയാനാണ് കഷ്ടപ്പെട്ട് ഞാന്‍ ഈ സമയത്ത് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത്. ഒന്ന് ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. നിങ്ങള്‍ ഒരു വ്യക്തിയെയും ചിരിച്ച് കൊണ്ടും പാല്‍ പുഞ്ചിരി കൊണ്ടും ലാളിത്യം കൊണ്ടും ജീവിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യര്‍ എന്ന് നിങ്ങള്‍ ആരും ധരിക്കേണ്ട. അങ്ങനെ ആരും ധരിക്കേണ്ട. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് ഒരു നന്ദി പറയുകയാണ്.
കാരണം ഞാന്‍ ഒരു ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചപ്പോള്‍ അദ്ദേഹം നടത്തി കൊടുത്തു കുറച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെടണം.മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. കാരണം നമ്മുടെ ചുറ്റും ആളുകള്‍ ഉണ്ട്. വളരെ കെയര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍.ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നമ്മള്‍ എല്ലാവരും പേന പിടിക്കണം. ഇത് മാത്രമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നത്. ഒരു രണ്ടു ദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞു കൊണ്ട് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങള്‍ കൂടി ഉണ്ട്. അത് രണ്ടുദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates