priyanka gandhi- rahul mamkootathil- ramya haridas
പ്രിയങ്ക ഗാന്ധി- രാഹുല്‍ മാങ്കൂട്ടത്തില്‍ - രമ്യഹരിദാസ് ഫയല്‍

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Published on

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രമ്യ ഹരിദാസ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

പാലക്കാട്, ചേലക്കര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളിന്റെ പേരിനാണ് മുന്‍തൂക്കം. മുന്‍ സിപിഎം നേതാവ് ഇകെ ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ് ബിനുമോള്‍. ആലത്തൂരില്‍ യുആര്‍ പ്രദീപിനാണ് മുന്‍തൂക്കം. പാലക്കാട് ബിജെപിയില്‍ സി കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. ആലത്തൂരില്‍ പ്രൊഫ. ടിആര്‍ സരസുവിനാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം.

വയനാട്ടിലെ സ്ഥാനാര്‍ഥിയെ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഹുലിനെ നേരിട്ട ആനി രാജ പ്രിയങ്കയ്‌ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇഎസ് ബിജിമോള്‍, വയനാട് ജില്ലാ സെക്രട്ടറി ഇജെ ബാബു എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം. ബിജെപിയില്‍നിന്ന് എംടി രമേശ്, എപി അബ്ദുള്ള കുട്ടി എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com