രാജ്യത്താദ്യം; രക്ഷിതാക്കൾക്കുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കേരളം

കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകങ്ങൾ പ്രകാശനം ചെയ്തു
sivankutty
പുസ്തക പ്രകാശനം നടത്തി മന്ത്രി വി ശിവന്‍കുട്ടിഫെയ്സ്ബുക്ക്
Published on
Updated on

കണ്ണൂർ: രാജ്യത്ത് ആദ്യമായി രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് ബുക്കുകൾ പ്രസിദ്ധീകരിച്ച് സംസ്ഥാനം. പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വളരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ എന്ന തലക്കെട്ടിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കിക്കൊണ്ട് രക്ഷിതാക്കളും സ്‌കൂളുകളും കുട്ടികളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ പദ്ധതിയെന്നു മന്ത്രി പറഞ്ഞു.

വിവിധ വിദ്യാഭ്യാസ ഘട്ടങ്ങൾക്കനുസരിച്ച് നാല് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രീ-പ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ - ഹയർസെക്കൻഡറി തലങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ വളർച്ച, വികാസം, പഠന ആവശ്യങ്ങൾ എന്നിവയെ എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ചു വിശദമായ മാർഗനിർദേശം നൽകുന്നതാണ് പുസ്തകങ്ങൾ.

പ്രീ-പ്രൈമറി

കുട്ടിക്കാലത്തെ വിദ്യാഭ്യാസത്തിൽ പലപ്പോഴും കണ്ടുവരുന്ന അശാസ്ത്രീയ പ്രവണതകൾ തിരിച്ചറിഞ്ഞ്, ജനനം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളുടെ വളർച്ചയെക്കുറിച്ചു ശാസ്ത്രീയമായ അവബോധം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുസ്തകം. ആരോഗ്യം, പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാരം, സാമൂഹിക വികസനത്തിൽ വഹിക്കുന്ന പങ്ക് തുടങ്ങിയ അവശ്യ മേഖലകൾ ഇതിൽ ഉൾക്കൊള്ളുന്നു. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വളർത്തുന്നതിനും പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള പഠനത്തെ പിന്തുണയ്ക്കുന്നതിനും രക്ഷിതാക്കൾക്ക് മാർഗനിർദേശം നൽകും.

ലോവർ പ്രൈമറി

കുട്ടിയുടെ ബൗദ്ധികവും മാനസികവുമായ വികാസത്തിൽ മാതാപിതാക്കൾ സജീവമായ പങ്കുവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന, മികച്ച ഒരു ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടുന്ന പുസ്തകമാണിത്. സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും ജിജ്ഞാസ വളർത്തുന്നതിനും പുതിയ കാലത്തെ അച്ചടക്കവിദ്യകൾ ഉൾപ്പെടുത്തുന്നതിനും ഇതു പ്രായോഗിക മാർഗനിർദേശം നൽകുന്നു. ജനാധിപത്യ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുടുംബത്തിന്റെ പങ്ക് ഈ പുസ്തകം എടുത്തുകാണിക്കുന്നു.

അപ്പർ പ്രൈമറി

കുട്ടികൾ കൗമാരത്തിലേക്കു പ്രവേശിക്കുമ്പോൾ, ജീവിതത്തിന്റെ ഈ നിർണായക ഘട്ടത്തിൽ മികച്ച രീതിയിൽ വളരാൻ അവരെ സഹായിക്കുകയാണ് അപ്പർ പ്രൈമറി രക്ഷിതാക്കൾക്കുള്ള പുസ്തകം ലക്ഷ്യമിടുന്നത്. ഇത് കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ അഭിസംബോധന ചെയ്യുകയും വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉപദേശം നൽകുകയും ചെയ്യുന്നു. ഇത് സ്കൂൾ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അപ്പർ പ്രൈമറി പാഠ്യപദ്ധതിയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം

ദ്രുതഗതിയിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കൗമാരം കൊണ്ടുവരുന്നു. ലഹരി ആസക്തി തടയൽ, ലൈംഗിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഭാവി ജീവിതത്തിന് അവരെ തയാറാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള മാർഗനിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com