പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ കക്ഷി ചേരാൻ കുടുംബം. നാളെ തന്നെ ഇതിനുള്ള നടപടികൾ തുടങ്ങുമെന്നും കണ്ണൂർ കലക്ടറുടെ കത്തിൽ തൃപ്തിയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു.
പത്തനംതിട്ട സബ് കലക്ടർ മുഖേന കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി അഖിൽ അറിയിച്ചു. കത്തിനെ ഗൗരമായി കാണുന്നില്ലെന്നും കലക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ലെന്നും മഞ്ജുഷ പറഞ്ഞതായി അഖില്‍ അറിയിച്ചു.
ഓൺലൈൻ ചാനലിനെ വിളിച്ചു വരുത്തി ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കലക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും മഞ്ജുഷ അറിയിച്ചതായി അഖിൽ പറഞ്ഞു.
നവീന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ താന്‍ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നുമാണ് കത്തില്‍ പറഞ്ഞത്. നവീന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീന്‍ എന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക