തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും തളി പാത്രം മോഷണം പോയതല്ലെന്ന് പൊലീസ്. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജാസാധനങ്ങള്‍ നിലത്തു വീണു. അവ മറ്റൊരാള്‍ എടുത്ത് നല്‍കിയത് നിലത്തിരുന്ന വേറൊരു പാത്രത്തിലെന്നാണ് പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝാ പൊലീസിനോട് പറഞ്ഞത്.
ആരും തടയാതിരുന്നതിനാല്‍ ഗണേശ് ഝാ അതുമായി ക്ഷേത്രത്തിന് പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഗണേശ് ഝായും ഭാര്യയും ഭാര്യാ സുഹൃത്തുമാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ നിന്നും തളി പാത്രം കാണാതായത്. 15ാം തീയതി ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാന പൊലീസ് ഇവരെ പിടികൂടുന്നത്. പിടിയിലായ ഗണേശ് ഝാ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക