കൈവശം 52,000 രൂപ; 550 പവന്‍ സ്വര്‍ണം; ഹോണ്ട സിആര്‍വി കാര്‍; പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ സ്വത്ത്; ആസ്തി വിവരങ്ങള്‍

15,75,000 രൂപയുടെ ബാധ്യതയുണ്ട്
PRIYANKA GANDHI
പ്രിയങ്ക ഗാന്ധി
Updated on
2 min read

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൈവശം 52,000 രൂപയാണ് ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളുമുണ്ട്.

ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സിആര്‍വി കാര്‍, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വര്‍ണം കൈവശമുണ്ട്. കൂടാതെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

റോബര്‍ട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. മധ്യപ്രദേശില്‍ ഒന്നും ഉത്തര്‍ പ്രദേശില്‍ രണ്ടും അടക്കം പ്രിയങ്കയ്‌ക്കെതിരെ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുകെയിലെ സണ്ടര്‍ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിഎ നേടി.

ഇന്ന് പന്ത്രണ്ട് മണിക്കാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാട് കലക്ടര്‍ ഡിആര്‍ മേഘശ്രീക്കാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മകന്‍ റെയ്ഹാന്‍ വാധ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്കയെത്തിയത്.

വയനാടിന്റെ കുടുംബമാകുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കും. വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇതാദ്യമായാണ് തനിക്കു വേണ്ടി വോട്ടു തേടി പ്രചാരണം നടത്തുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഇന്നിപ്പോള്‍ 35 വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരന് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി അവസരം നല്‍കിയതിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് വലിയ നന്ദിയുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. വയനാട്ടുകാര്‍ രാഹുലിന് സ്‌നേഹവും ധൈര്യവും പോരാടാനുള്ള കരുത്തും നല്‍കി. സഹോദരന് നല്‍കിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളേജ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും രാഹുല്‍ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതില്‍ നിങ്ങള്‍ ഓരോരുത്തരുമാണ് ഗുരുക്കന്‍മാര്‍. ഇന്ന് നിങ്ങള്‍ എന്റെ കുടുംബമാണ്. നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും. ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം നല്‍കിയത് ആരാണോ അവരുടെ ഇടയില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത്. സത്യത്തിനും നീതിക്കും തുല്യതയ്ക്ക് വേണ്ടിയാണ് നമ്മള്‍ ഇന്ന് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുമായുണ്ടായ എന്റെ ബന്ധം എന്തായിരുന്നവെന്നു നിങ്ങള്‍ക്ക് അറിയാമെന്ന് തുടര്‍ന്ന് സംസാരിച്ച രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട് എനിക്കുവേണ്ടി ചെയ്തത് എന്താണെന്ന് വാക്കുകളില്‍ പറയാന്‍ സാധിക്കില്ല. വയനാട്ടില്‍ ഇനി രണ്ടു പ്രതിനിധികളുണ്ടാകും. ഒരാള്‍ ഔദ്യോഗിക എംപിയും മറ്റൊരാള്‍ അനൗദ്യോഗിക എംപിയും ആയിരിക്കും. ഇന്ത്യയില്‍ ഒരു മണ്ഡലത്തില്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉള്ളത് വയനാട് മണ്ഡലത്തിലായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com