

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെമരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നവീന്‍ ബാബു എന്‍ഒസി വൈകിപ്പിച്ചില്ലെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിപി ദിവ്യ ആരോപിച്ചതുപോലെ എഡിഎം കൈക്കൂലി വാങ്ങിയതായി യാതൊരു തെളിവുമില്ല. രണ്ടുദിവസത്തിനകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റവന്യൂ വകുപ്പ് ഓഫീസ് അറിയിച്ചിട്ടുള്ളത്.
നവീന്‍ ബാബുവിനെ യാത്രയയപ്പു ചടങ്ങില്‍ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയതു പിപിദിവ്യയാണെന്ന് എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിട്ടില്ല.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെടിനിസാര്‍ അഹമ്മദാണ് കേസില്‍ വാദം കേട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates