തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണം. എന്നാൽ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ടെങ്കിലും തുച്ഛമായ സർക്കാർ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും ബുദ്ധിമുട്ടുകയാണു സ്കൂൾ അധികൃതർ പറഞ്ഞു.
എൽപി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണ വിഹിതം. സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ച് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണു വകുപ്പിന്റെ നിർദേശം. തദ്ദേശസ്ഥാപന സഹകരണത്തോടെയും സ്പോൺസർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴം നൽകുന്ന അധിക പോഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽ നിന്നു പ്രത്യേക സമ്മതപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമർപ്പിക്കാൻ പ്രത്യേകം പെട്ടി സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക