വര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി; തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഇന്ന് നാടിന് സമര്‍പ്പിക്കും

വര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാന്‍ ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഇന്ന് പകല്‍ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും
Thottiyar Hydroelectric scheme to be inaugurated today
തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതികെഎസ്ഇബി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

തൊടുപുഴ: വര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാന്‍ ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഇന്ന് പകല്‍ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ മുഖ്യാതിഥികളാകും.

40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് തൊട്ടിയാര്‍ ജലവൈദ്യത പദ്ധതിയിലുള്ളത്. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവര്‍ഷം ഈ നിലയത്തില്‍ നിന്നും ലഭ്യമാവുക.

വാളറ എന്ന സ്ഥലത്ത് ദേവിയാറിനുകുറുകെ സ്ഥാപിച്ചിരിക്കുന്ന തടയണയും അനുബന്ധ ജലാശയവുമാണ് ഈ പദ്ധതിയുടെ ഊര്‍ജ്ജ സ്രോതസ്സ്. 222 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ ഉയരവുമുള്ള ഈ തടയണയുടെ സഹായത്തോടെ സംഭരിച്ചിരിക്കുന്ന ജലം 60 മീറ്റര്‍ നീളമുള്ള കനാലിലൂടെയും തുടര്‍ന്ന് 199 മീറ്റര്‍ നീളമുള്ള ടണലിലൂടെയും പ്രവഹിച്ചാണ് 1252 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്കിലേക്കെത്തുന്നത്. 474.3 മീറ്റര്‍ ഉയരത്തില്‍ നിന്നും പെന്‍സ്റ്റോക്കിലൂടെ അതിശക്തിയായി പ്രവഹിക്കുന്ന ജലം പവര്‍ഹൗസിലെ വെര്‍ട്ടിക്കല്‍ ഷാഫ്റ്റ് പെല്‍ട്ടണ്‍ ടര്‍ബൈനുകളെ ചലിപ്പിക്കുന്നു. പെരിയാറിന്റെ തീരത്ത്, ദേവികുളം താലൂക്കിലെ മന്നാകണ്ടം വില്ലേജില്‍ നീണ്ടപാറ എന്ന സ്ഥലത്താണ് തൊട്ടിയാര്‍ പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

ഉത്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്ന തരത്തിലാണ് നിര്‍മ്മാണം. 188 കോടി രൂപയാണ് തൊട്ടിയാര്‍ പദ്ധതിയുടെ ആകെ നിര്‍മ്മാണച്ചെലവ്. തൊട്ടിയാറിലെ രണ്ട് ജനറേറ്ററുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 11 കെ.വി. / 220 കെവി ട്രാന്‍സ്‌ഫോര്‍മറുകളിലൂടെ കടന്ന് സ്വിച്ച് യാര്‍ഡിലേക്കെത്തുകയും തുടര്‍ന്ന് ലോവര്‍ പെരിയാര്‍-ചാലക്കുടി 220 കെവി ലൈനിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി എത്തിച്ചേരുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com