![justice hema committee](http://media.assettype.com/samakalikamalayalam%2F2024-08-19%2F06gfn03d%2Fshoot.jpg?w=480&auto=format%2Ccompress&fit=max)
കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന പ്രതിനിധികളുമായി കൊച്ചിയിൽ രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. നയരൂപീകരണ സമിതിയില്‍ മുകേഷ് ഉള്‍പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.
ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുമായി ചർച്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് മേഖലയിൽ ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ പ്രതിനിധികളുമായി ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും.
താര സംഘടനയായ അമ്മയ്ക്ക് നിലവിൽ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്‍ നിലവില്‍ വന്ന ശേഷമായിരിക്കും ചര്‍ച്ച നടത്തുക. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി കരട് രേഖ തയ്യാറാക്കി അത് സിനിമ കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. അവിടെ ഉയരുന്ന ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടേയും വിശദമായ ഡ്രാഫ്റ്റ് തയ്യാറാക്കി സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പരിഗണനയിലേക്ക് വെയ്ക്കും. അവരുടെ കൂടെ അഭിപ്രയത്തെ തുടര്‍ന്നായിരിക്കും ഒരു സിനിമ നയം സര്‍ക്കാര്‍ രൂപീകരിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക