തിരുവനന്തപുരം: അന്‍വറുമായി സിപിഎം ഇടഞ്ഞിട്ടില്ല, അന്‍വറാണ് പാര്‍ട്ടിയുമായി ഇടഞ്ഞതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നടത്താറില്ല. അന്‍വര്‍ അതിരൂക്ഷമായി സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ആക്രമിച്ചു. അതിനാലാണ്, സിപിഎമ്മുമായി അൻവറിന് ബന്ധമില്ലെന്ന നിലപാട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. ഇടതുപക്ഷത്തിനൊപ്പം നിൽക്കാത്ത നിലപാടുകളാണ് അൻവറിന്റേതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാർട്ടിയുടെ നിർദേശങ്ങൾക്കനുസരിച്ചല്ല അൻവറിന്റെ നിലപാടുകൾ. മുഖ്യമന്ത്രി ബാപ്പയെപ്പോലെയാണെന്ന് നേരത്തെ അൻവർ പറഞ്ഞിരുന്നു. കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോ എന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പി വി അൻവറിനെതിരെ കേസെടുത്തത് അദ്ദേഹം നിയമവിരുദ്ധമായ കാര്യം ചെയ്തതിനാലാണെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
നിലമ്പൂരിൽ പി വി അൻവർ എം എൽ എ നടത്തിയ വിശദീകരണ യോഗത്തിലെ ജനപങ്കാളിത്തം ഇടതുപക്ഷത്തെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു വിഷയത്തിൽ യോഗം വിളിച്ചാൽ കാര്യങ്ങൾ കേൾക്കാൻ ജനങ്ങൾ വരും. അൻവർ വൈരുദ്ധ്യനിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് സിപിഎം വിരുദ്ധ നിലപാടായതുകൊണ്ടാണ് കൂടുതല്‍ പ്രചാരണം ലഭിക്കുന്നത്. അത് താത്ക്കാലികം മാത്രമാണെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു.
പിണറായിയെ തകർക്കാനാവില്ല: ബാലൻ
പി വി അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. അഞ്ച് നേരം നിസ്കരിക്കുന്നതിനാലാണ് അൻവറിനെതിരെ ആരോപണങ്ങളുണ്ടാകുന്നത് എന്നത് കള്ളപ്രചാരണമാണ്. ഈ തുറുപ്പുചീട്ട് അദ്ദേഹം ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിസ്കരിക്കുന്നതിന് ആരും എതിരല്ല. എന്താണ് അൻവറിന് സംഭവിച്ചതെന്ന് അറിയില്ല. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയില്‍ തകർക്കാനാണ് അൻവർ ശ്രമിക്കുന്നത്. ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി. ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകർക്കാനാവില്ല. തന്നെ കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്. അൻവർ പറഞ്ഞ കാര്യങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണ്. മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കും. അതുവരെ അൻവറിന് കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലൻ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക