

കൊച്ചി: കുടുംബജീവിതത്തോടുള്ള ഭര്‍ത്താവിന്റെ താല്‍പ്പര്യമില്ലായ്മയും ഭാര്യയോടുള്ള അടുപ്പമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിനും കുടുംബജീവിതത്തോടും താത്പര്യമില്ലെന്നും ആത്മീയ വിഷയങ്ങളും ക്ഷേത്ര സന്ദര്‍ശനങ്ങളുമാണ് ഇഷ്ടമെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ വിവാഹ മോചനം ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
വിവാഹം പങ്കാളിയുടെ വ്യക്തിഗതമായ വിശ്വാസങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരമല്ല. ആത്മീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇതുപരിഗണിക്കണം. ആത്മീയകാര്യങ്ങളില്‍ ഉള്‍പ്പെടെ സ്വന്തം താത്പര്യങ്ങള്‍ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഇത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം നടപടികള്‍ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും. അതേസമയം, കുടുംബ ബന്ധത്തില്‍ താല്‍പര്യമില്ലാത്ത ഭര്‍ത്താവ് വൈവാഹിക ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയമാണ്. കോടതി ചൂണ്ടിക്കാട്ടി.
തന്റെ ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും ലൈംഗിക ബന്ധത്തിനും കുട്ടികള്‍ ഉണ്ടാകുന്നതിനും താല്‍പ്പര്യമില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയാണ് യുവതി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ മനോഭാവം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്നും തന്നെ തനിച്ചാക്കി തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നുമായിരുന്നു ആയുര്‍വേദ ഡോക്ടര്‍ കൂടിയായ യുവതിയുടെ ആരോപണം. തന്നെ ഉപരിപഠനത്തിന് അനുവദിച്ചില്ല അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആക്ഷേപങ്ങളും യുവതി ഉന്നയിച്ചിരുന്നു.
ആരോപണങ്ങള്‍ നിഷേധിച്ച ഭര്‍ത്താവ്, താന്‍ അന്ധവിശ്വാസിയല്ലെന്നും ഭാര്യയെ പീഡിപ്പിച്ചട്ടില്ലെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്‌നേഹം, വിശ്വാസം, കരുതല്‍ എന്നിവ നഷ്ടപ്പെട്ടുവെന്നും വിവാഹം ബന്ധം വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നുവെന്നും നിരീക്ഷിച്ച കോടതി വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവും കോടതി ശരിവെയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates