Waqf Bill: വഖഫ് ബില്‍ പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമം, കോടതിയില്‍ നേരിടും; നിലപാട് പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

'ഊടുവഴിയിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമം'
Muslim League will Waqf Bill
പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ facebook
Updated on

കോഴിക്കോട്: വഖഫ് സ്വത്തുക്കള്‍ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം വഖഫ് നിയമ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ്. വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കെയാണ് വിഷയത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നത്. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായാലും കോടതിയില്‍ നേരിടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.

വഖഫ് ബില്‍ ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണ്. ഊടുവഴിയിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ഇത്തരം നടപടികളെ ശക്തമായി എതിര്‍ക്കും നേതാക്കള്‍ മലപ്പുറത്ത് പ്രതികരിച്ചു.

വഖഫ് നിയമ ഭേദഗതി എല്ലാ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഇപ്പോള്‍ മുസ്ലിം സമുദായമാണ് ലക്ഷ്യമെങ്കില്‍ അധികം വൈകാതെ മറ്റ് സമുദായങ്ങളുടെ സ്വത്തുക്കളും പിടിച്ചടക്കുമെന്ന സൂചനകൂടിയാണ് നിയമം നല്‍കുന്നത്. നിയമ ഭേദഗതിയിലൂടെ വിശ്വാസത്തില്‍ ഇടപെടുന്ന നിലയൂണ്ടാകുന്നു. നീക്കം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആശയകുഴപ്പങ്ങളില്ല. കോണ്‍ഗ്രസുമായി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. വഖഫ് ഭേദഗതിയും മുനമ്പത്തെ വിഷയവും തമ്മില്‍ ബന്ധമില്ല. മുനമ്പം പ്രശ്നപരിഹാരം കേരള സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിയുന്നതാണ്. മുനമ്പത്തെ പ്രശ്‌നം വഖഫ് ബില്ലുമായി ചേര്‍ത്തുകെട്ടി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. മുനമ്പത്തെ ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ ഇറക്കി വിടണം എന്ന അഭിപ്രായം ആര്‍ക്കുമില്ല, ഈ വിഷയത്തില്‍ പരിഹാരം വേണമെന്ന് തന്നയാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com