
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുകേഷിന്റെ വാദം തള്ളി യുവതിയുടെ കുടുംബം. സുകാന്ത് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും മേഘയുടെ അച്ഛന്‍ മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹാലോചനയുമായി സുകാന്തിന്റെ കുടുംബം വീട്ടിലെത്തിയെന്ന വാദം തെറ്റാണെന്നും സുകാന്തിന് മറ്റുചില സ്ത്രീകളുമായി ബന്ധമുണ്ടെന്നും മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകളുമായി സുകാന്തിന് പ്രണയമുണ്ടെന്ന് മനസിലാക്കിയതോടെ അവളോട് അവരുടെ വീട്ടുകാരുമായി വന്ന് സംസാരിക്കാന്‍ പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു. 'അവര്‍ ഇവിടെ വന്നുവെന്നത് വാസ്തവ വിരുദ്ധമാണ്. എന്നെ ഒരു തരത്തിലും ബന്ധപ്പെട്ടില്ല. വിവാഹകാര്യം മകള്‍ സംസാരിച്ചപ്പോള്‍ ഓരോ കാര്യം പറഞ്ഞ് അവന്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. എല്ലാ വിവരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്'- മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവര്‍ത്തകന്റെ മുന്‍കൂര്‍ ഹര്‍ജി. മേഘയുടെ മരണത്തിന് പിന്നാലെ, ഒളിവില്‍ പോയ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ മരണത്തിന് ഉത്തരവാദി സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
യുവതിയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു. വൈകാരികമായും മാനസികമായും ഏറെ അടുത്ത തങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം യുവതി വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തെന്നും സുകാന്തിന്റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുള്‍പ്പെടെ ഒരു കാര്യവും പറയാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നത് അവര്‍ എതിര്‍ത്തു.
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും യുവതിയുടെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാര്‍ അതിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക