CPM party congress: കേരളം ദേശീയ ബദല്‍ എന്ന പ്രമേയം; മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ അന്വേഷണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ ശ്രദ്ധ മുഴുവന്‍ കേരള ഘടകത്തിന്

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ദേശീയതലത്തില്‍ ഒരു ബദലായി ഉയര്‍ത്തിക്കാട്ടണമെന്ന് പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
CPM party congress
മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന്
Updated on

ചെന്നൈ: മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഴുവന്‍ ശ്രദ്ധയും കേരള ഘടകത്തിലേക്ക്. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിനു മുന്നേ തന്നെ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ തുടര്‍ ഭരണമായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ടകളിലൊന്ന് എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ശരി വയ്ക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദേശീയതലത്തില്‍ ഒരു ബദലായി ഉയര്‍ത്തിക്കാട്ടണമെന്ന് പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടിക്ക് ഉടന്‍ ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കേണ്ടത് പാര്‍ട്ടിയുടെ തന്നെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് എന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിനെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്.

'കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച രീതിയില്‍ ഹിന്ദുത്വ വര്‍ഗീയതയേയും നവഉദാരവല്‍ക്കരണ നയങ്ങളെയും പ്രതിരോധിക്കുന്നതില്‍ മാതൃക തീര്‍ത്തിട്ടുണ്ട്. ദേശീയതലത്തില്‍ തന്നെ ഇത് ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിരോധിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഇത് വലിയ ആവേശം പകര്‍ന്നിട്ടുണ്ട്' - ഒരു മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി.

ശ്രദ്ധേയം എന്നു പറയട്ടെ കേരള മാതൃക ഉയര്‍ത്തിക്കാട്ടിയുള്ള പ്രമേയം പാസാക്കിയ അതേസമയം തന്നെയാണ് സി എം ആര്‍ എല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകളെ പ്രതിയാക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച വാര്‍ത്ത പുറത്തുവരുന്നത്. ആദ്യം കുറച്ചൊരു ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിക്കും മകള്‍ക്കും പ്രതിരോധം തീര്‍ത്ത് പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ രംഗത്തുവന്നു.

കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, മുതിര്‍ന്ന പിബി അംഗമായ എംഎ ബേബി, എംവി ഗോവിന്ദന്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, എ കെ ബാലന്‍ തുടങ്ങിയവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പിറകില്‍ ഒറ്റക്കെട്ടായി അണിചേരുമ്പോള്‍ തന്നെ കേരള ബദല്‍ ഉയര്‍ത്തിക്കാട്ടുന്ന സമയത്ത് മുഖ്യമന്ത്രിക്കെതിരെ വന്ന ഈ ആരോപണം മറ്റ് സംസ്ഥാന ഘടകങ്ങള്‍ എങ്ങനെ കാണും എന്നതില്‍ കേരള പാര്‍ട്ടിയില്‍ ആശങ്കയുണ്ട്. നിലവില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ കാര്യമായി ഇല്ലാത്തതിനാലും പശ്ചിമബംഗാള്‍ ഘടകം താരതമ്യേന ദുര്‍ബലമായതിനാലും ഇത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആരും ഉയര്‍ത്തുമെന്ന് കേരള ഘടകം കരുതുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെ ശക്തമായി പ്രതിരോധിക്കുകയും ഇത് രാഷ്ട്രീയ പകപോക്കല്‍ ആണ് എന്ന ഒരു നറേറ്റീവ് സൃഷ്ടിക്കുകയും ആയിരിക്കും കേരളഘടകം ചെയ്യുന്നത്.

കേരള ഘടകത്തിന് സിപിഎമ്മില്‍ അപ്രമാദിത്വം ലഭിക്കുന്നുവെന്ന് പരോക്ഷമായെങ്കിലും വിമര്‍ശിക്കുന്ന മറ്റ് സംസ്ഥാന ഘടകങ്ങള്‍ ഈ വിഷയത്തെ എങ്ങനെയായിരിക്കും സമീപിക്കുക എന്നതും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവകേരള രേഖയിലെ ചില നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി കൊടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. എന്നിരുന്നാലും ഇത് പരസ്യമായി ഉയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ പ്രതിനിധികള്‍ തയ്യാറാകില്ല എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ സിപിഎമ്മിന് മുന്നില്‍ ഇത് ഒരു ധാര്‍മിക പ്രശ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com