
കൊല്ലം: കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തില്‍ ആസ്വാദകര്‍ പറഞ്ഞ ഗാനമാണ് താന്‍ പാടിയതെന്ന് ഗായകന്‍ അലോഷി ആദം. ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത്. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പയ്യന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ അന്ന് അവിടെ ഒരുപാട് പാട്ടുകള്‍ പാടിയിരുന്നുവെന്നും അതെല്ലാം ആസ്വാദകര്‍ പറഞ്ഞ പാട്ടായിരുന്നു. എല്ലാ പരിപാടിയിലും ആസ്വാദകരുടെ ഇഷ്ടത്തിനാണ് പാട്ടുകള്‍ പാടുന്നത്. ഹൈക്കോടതി എനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ആസ്വാദകരുടെ ആവശ്യപ്രകാരം പാടിയ പാട്ട് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് പാട്ട് കേള്‍ക്കണം. അവര്‍ അത് ആവശ്യപ്പെട്ടു. അങ്ങനെ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. ചില പാട്ടുകള്‍ പരിപാടിയില്‍ വന്നിരുന്നോ എന്ന് അവര്‍ക്ക് അറിയില്ല. അത് പിന്നീട് പരാതിയായി ഉന്നയിക്കാന്‍ തോന്നി. അങ്ങനെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അറിയില്ല. വകുപ്പുകളെ കുറിച്ച് അറിയില്ല. എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞശേഷം ബാക്കി പ്രതികരിക്കാം.'- അലോഷി ആദം പറഞ്ഞു.
ക്ഷേത്രപരിസരത്ത് വിപ്ലവഗാനം പാടാന്‍ പാടില്ല എന്ന യാതൊരു വിധത്തിലുള്ള നിര്‍ദേശങ്ങളും ക്ഷേത്ര കമ്മിറ്റിയും നല്‍കിയിരുന്നില്ല. പരിപാടി നടന്നത് ക്ഷേത്രത്തിനകത്തല്ലായിരുന്നുവെന്നും ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തായിരുന്നുവെന്നും അലോഷി വ്യക്തമാക്കി. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ഡിജിപിക്ക് പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവരെ കൂടി പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഈ പരിപാടിയില്‍ പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴിവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക