
മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാക്കാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയും എടക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയിരുന്നു.
മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന.
ഇന്നലെ മലപ്പുറം ചുങ്കത്തറയില്‍ നടന്ന കണ്‍വെന്‍ഷനുകളിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. ''മലപ്പുറത്ത് ഈഴവര്‍ക്ക് കടുത്ത അവഗണനയാണ്. അവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ല'' എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക