Antony perumbavoor: ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്
antony perumbavoor
ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക്
Updated on

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.

തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചില ഓവര്‍സീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രധാനമായി ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ ദുബായില്‍ വച്ച് ആന്റണി പെരുമ്പാവൂര്‍ രണ്ടര കോടി രൂപ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com