G Sudhakaran: കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍?; സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍

'സ്വയം പുകഴ്ത്തല്‍, ആയിക്കോട്ടെ, പക്ഷെ ഇവിടുത്തെ സ്ഥിതിയെന്താണ്. ആരോഗ്യ സംരക്ഷണം എന്നുപറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല. മാനസികാരോഗ്യമില്ലെങ്കില്‍ എന്താണ് പ്രയോജനം. മാനസികാരോഗ്യത്തിന് അനുകൂലമായി ഏതെങ്കിലും ഒന്ന് ഈ ചുറ്റുപാടില്‍ കാണാനുണ്ടോ?. സംഘര്‍ഷം ഇല്ലാത്ത ഒറ്റ വ്യക്തി ഇന്ന് കേരളത്തില്‍ ഇല്ല'
G Sudhakaran
ജി സുധാകരന്‍
Updated on

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലെയെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. സാധാരണക്കാര്‍ ആശുപത്രിയില്‍ ദുരിതം നേരിടുന്നു. സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം. വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയാകുന്നതിന് മുന്‍പേ ഈ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ലഹരിവിരുദ്ധ സന്ദേശറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

' ആരോഗ്യസംരക്ഷണം എന്നു പറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നതുമാത്രമല്ല. അതാണെന്നാണ് സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നത്. കേരളം വളരെ മുന്‍പന്തിയിലാണ്. നമ്മളാണ് ലോകത്തെ ഒന്നാമതെന്ന് അങ്ങോട്ടും ഇങ്ങോട്ടും പറയുമല്ലോ?. എല്ലാത്തിലും ഒന്നാമതാണെന്ന് നമ്മളങ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വയം പുകഴ്ത്തല്‍, ആയിക്കോട്ടെ, പക്ഷെ ഇവിടുത്തെ സ്ഥിതിയെന്താണ്. ആരോഗ്യ സംരക്ഷണം എന്നുപറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല. മാനസികാരോഗ്യമില്ലെങ്കില്‍ എന്താണ് പ്രയോജനം. മാനസികാരോഗ്യത്തിന് അനുകൂലമായി ഏതെങ്കിലും ഒന്ന് ഈ ചുറ്റുപാടില്‍ കാണാനുണ്ടോ?. സംഘര്‍ഷം ഇല്ലാത്ത ഒറ്റ വ്യക്തി ഇന്ന് കേരളത്തില്‍ ഇല്ല' . എല്ലാത്തിലും മുന്‍പന്തിയിലാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. അത് പറഞ്ഞാല്‍ ഉടനെ വീണാ ജോര്‍ജിനെതിരെ എഴുതും. വീണാ ജോര്‍ജല്ല മെഡിക്കല്‍ കോളജ്. അതിനുമുന്‍പും മെഡിക്കല്‍ കോളജ് ഉണ്ട്. അവര്‍ അഞ്ചുവര്‍ഷമായി മന്ത്രിയാണ്. അടുത്ത തവണ ആകുമോയെന്ന് പറയാനാവില്ല'- ജി സുധാകരന്‍ പറഞ്ഞു.

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എയുടെ മകനെ ന്യായീകരിച്ച് സുധാകരന്‍ ന്യായീകരിച്ചു. അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു. എക്‌സൈസുകാര്‍ അവന്റെ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തില്‍ അവനെയും പിടിച്ചതാണ്. പ്രതിഭയുടെ മകന്‍ നിരപരാധി ഏറെക്കാലമായി തനിക്കാറിയാവുന്നതാണെന്നും ജി സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ പരീക്ഷ സമ്പ്രദായത്തിനെതിരെയും മന്ത്രി രംഗത്തെത്തി. 'പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെ പോകുന്നു. അയാള്‍ക്കെതിരെ നടപടിയില്ല, അയാളെ ഇതുവരെ അറസ്റ്റ് ചെയ്‌തോ?.എംബിഎ ഉത്തരക്കടലാസ് സ്‌കൂട്ടറില്‍ കൊണ്ടു പോയില്ലേ. ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാന്‍സിലറും ഒരു വിദ്യാര്‍ഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്‌ക്കൊന്നും ഒരു വ്യവസ്ഥയില്ല'- ജി സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com