
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇ ഡി ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യൽ നീണ്ടു നിന്നു.
ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയതായി അദ്ദേഹം പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. ചോദ്യം ചോദിക്കാൻ ഇ ഡിക്ക് അധികാരമുണ്ട്. മറുപടി പറയേണ്ട ചുമതല തനിക്കുണ്ടെന്നും ഗോകുലം ഗോപാലൻ പ്രതികരിച്ചു.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്നു ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. ചെന്നൈയിൽ വച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിരുന്നു. പിന്നാലെയാണ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
വിദേശത്ത് നിന്നു 592.54 കോടി രൂപ അനധികൃതമായി സ്വീകരിച്ചതുൾപ്പെടെ ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങൾ ലംഘിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകൾ വിവരിച്ചത്. എംപുരാൻ വിവാദങ്ങൾക്കിടെയാണ് സഹ നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിലെ ഇ ഡി പരിശോധന നടന്നത്.
ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും ചെന്നൈയിലെ രണ്ട് ഓഫീസുകളിലുമായിരുന്നു നേരത്തെ പരിശോധന നടന്നത്. 1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജൻസി എക്സിൽ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉൾപ്പെടെയാണ് ഇഡി വിവരങ്ങൾ പങ്കുവച്ചത്.
ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരിൽ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തിൽ ഇന്ത്യയ്ക്ക് പുറത്തുള്ളവരിൽ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷൻ 3(ബി)യുടെ ലംഘനമാണെന്നും ഇ ഡി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ പരിശോധനയെന്നായിരുന്നു വിശദീകരണം. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ ഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക