കൊച്ചി: ആലപ്പുഴയില്‍ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് നടനെ പ്രതി ചേര്‍ക്കാത്തതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. നേരത്തേ, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് എക്‌സൈസിനോടു നിര്‍ദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹര്‍ജി പിന്‍വലിച്ചത്.
മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന പേടിയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിലെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക