തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കുക ലക്ഷ്യമിട്ട് വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. 'എംവിഡി വെര്‍ച്വല്‍ പിആര്‍ഒ' എന്ന പേരില്‍ ഒരു പുതിയ ഡിജിറ്റല്‍ സര്‍വീസ് ഡയറക്ടറി കാര്‍ഡ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അവശ്യ വിവരങ്ങള്‍, വിശദീകരണ വീഡിയോകള്‍, ഓഡിയോകള്‍, ഡോക്യുമെന്റുകള്‍, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നേരിട്ടുള്ള ഹൈപ്പര്‍ലിങ്കുകള്‍ എന്നിവ വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡിലൂടെ ലഭിക്കുന്നു.
ഓഫീസുകളിലും പൊതു ഇടങ്ങളിലും സോഷ്യല്‍ മീഡിയയിലും ലഭ്യമായ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡ് പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഓണ്‍ലൈന്‍ സേവനങ്ങളും ഇത് എങ്ങനെ ചെയ്യാമെന്നുള്ള ട്യൂട്ടോറിയലും ഉള്‍പ്പെടുന്നതാണ് വെര്‍ച്വര്‍ പിആര്‍ഒ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
പിഴകളും മറ്റ് ഫീസുകളും ഓണ്‍ലൈനായി അടക്കുന്നത് മുതല്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സംവിധാനത്തില്‍ സാധ്യമാകും. 'പൊതുജനങ്ങള്‍ സാധാരണയായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ വഴിയാണ് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് എംവിഡി ഓഫീസില്‍ നിന്ന് ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നത് കുറവാണ്. സാധാരണയായി ഒരു പിആര്‍ഒ നല്‍കുന്ന എല്ലാ വിവരങ്ങളും ഈ വെര്‍ച്വല്‍ പിആര്‍ഒ വഴി ലഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
കൂടാതെ ഇ-ചലാനുകള്‍ അടയ്ക്കുന്നതിനോ ലൈസന്‍സുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉള്ള ട്യൂട്ടോറിയലുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയില്‍ നിര്‍ദ്ദിഷ്ട ഫയലുകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള സംവിധാനം കൂടി വെര്‍ച്വര്‍ പിആര്‍ഒയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ആര്‍ടിഒയാണ് വിവരങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇക്കാര്യം പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും.
ബിഎംഒ ഹ്യൂമന്‍ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 'ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്' പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സഹകരിച്ചാണ് വെര്‍ച്വല്‍ പിആര്‍ഒ വികസിപ്പിച്ചെടുത്തത്. ലൈസന്‍സ് ടെസ്റ്റ്, ഫിറ്റ്‌നെസ് പരിശോധന തുടങ്ങിയ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇതില്‍ ഓട്ടോമാറ്റിക് വാഹന പരിശോധന സംവിധാനം വൈകാതെ യഥാര്‍ഥ്യമാകും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളും ഡിജിറ്റലാക്കുന്നതിനുള്ള സംവിധാനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ആലോചിച്ച് വരികയാണ്. ഇത് വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
എംവിഡി സേവനങ്ങളില്‍ കൂടുതല്‍ ഡിജിറ്റലൈസേഷനുള്ള പദ്ധതികളും മന്ത്രി ഗണേഷ് കുമാര്‍ വിവരിച്ചു. െ്രെഡവിംഗ് ടെസ്റ്റുകളും വാഹന ഫിറ്റ്‌നസ് പരിശോധനകളും ഉടന്‍ തന്നെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആക്കും. ആളുകള്‍ക്ക് ഈ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആക്‌സസ് ചെയ്യാന്‍ പ്രാപ്തമാക്കും. മാര്‍ച്ച് 18 മുതല്‍ എംവിഡിയില്‍ നടപ്പിലാക്കിയ ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വിജയവും മന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഇല്ലാതാക്കുമെന്ന് മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫലങ്ങള്‍ തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നതിന് ടാബ്‌ലെറ്റുകള്‍ സജ്ജമാക്കും. ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ശേഷം പ്രിന്റ് ലഭിക്കുന്നതിനുള്ള ലൈസന്‍സ് കിയോസ്‌കുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. ലൈസന്‍സ് പ്രിന്റിങ് സ്വകാര്യ കിയോസ്‌ക്കുകള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള സൗകര്യമൊരുക്കും. അവര്‍ക്ക് എംവിഡിയുടെ സെര്‍വറിലേക്ക് ഒരു ഫീസ് ഈടാക്കി പ്രവേശനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'എംവിഡി വെര്‍ച്വല്‍ പ്രോ' വഴി ലഭ്യമാകുന്ന സേവനങ്ങള്‍ ഇവയാണ് :
മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ്
വാഹന രജിസ്‌ട്രേഷന്‍
ഇ-ചലാന്‍
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
പെര്‍മിറ്റ് ടാക്‌സ്
സര്‍ക്കുലര്‍/അറിയിപ്പ്
റോഡ് സുരക്ഷാ അവബോധം
112 എസ്ഒഎസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക