Waqf Protest:| സോളിഡാരിറ്റി പ്രതിഷേധ മാര്‍ച്ചിലെ ആ ചിത്രങ്ങള്‍ ആരുടേത്? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച, വിവാദം

മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ച് മാത്രം കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിന് എതിരെ മുസ്ലീം സ്വത്വം മാത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടത്തുന്ന ശ്രമങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് വിമര്‍ശകരുടെ വാദം.
Solidarity SIO march against Waqf Act
സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച്Solidarity SIO march against Waqf Act
Updated on

കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചിനെ ചൊല്ലി വിവാദം. മുസ്ലീം ബ്രദര്‍ഹുഡ്, ഹമാസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോട്ടോ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിെയന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ചര്‍ച്ചകള്‍. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ് ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ഫോട്ടോകളെച്ചൊല്ലിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത്.

മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ച് മാത്രം കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിന് എതിരെ മുസ്ലീം സ്വത്വം മാത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടത്തുന്ന ശ്രമങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് വിമര്‍ശകരുടെ വാദം. ഇതോടെ, പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാക്കാട്ടിയ ബ്രദര്‍ഹുഡ്, ഹമാസ് നേതാക്കളുടെ പശ്ചാത്തലവും വലിയ ചര്‍ച്ചയാവുകയാണ്.

ഈജിപ്ഷ്യന്‍ രാഷ്ട്രീയ സൈദ്ധാന്തികനും മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രധാന അംഗവുമായിരുന്ന സയ്യിദ് ഖുതുബിന്റെ പേരാണ് ചര്‍ച്ചകളില്‍ പ്രധാനം. അല്‍ഖ്വയ്ദ പോലുള്ള സംഘടനകള്‍ക്ക് ഖുതുബ് വലിയ പ്രചോദനമായിരുന്നു എന്നും വിലയിരുത്തപ്പെട്ടിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട സയ്യിദ് ഖുതുബിനെ 1966 ഓഗസ്റ്റ് 29ന് തൂക്കിക്കൊല്ലുകയായിരുന്നു.

Solidarity SIO march
പ്രതിഷേധത്തില്‍ ഉയര്‍ത്തിക്കാട്ടിയ ഹസനുല്‍ ബന്നയുടെ ചിത്രം Social media

ഖുറാന്‍ വാഖ്യാനം ഉള്‍പ്പെടെ നിരവധി കൃതികളുടെ പേരില്‍ ആഗോള ശ്രദ്ധ നേടിയിട്ടുള്ള സയ്യിദ് ഖുതുബിന്റെ കൃതികള്‍ ഇന്ത്യയിലെ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ പാഠ്യവിഷയമായിരുന്നു. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2022 ല്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ പാഠ്യപദ്ധതയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇസ്ലാമിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പങ്ക് വര്‍ധിപ്പിക്കുക എന്നതായിരുന്നു സയ്യിദ് ഖുതുബിന്റെ പ്രധാന വാദം.

Solidarity SIO march
സയ്യിദ് ഖുതുബിനറെ ചിത്രം Social media

1928 ല്‍ ഈജിപ്തില്‍ രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകനേതാവായ ഇമാം ഹസനുല്‍ ബന്നയുടെ ചിത്രമാണ് കരിപ്പൂരിലെ പ്രതിഷേധത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട മറ്റൊന്ന്. പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഹസനുല്‍ ബന്നയും ആഗോള തലത്തില്‍ ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള സംഘടനകളുടേയും തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുകാരും പ്രധാന നേതാവായി കാണുന്ന വ്യക്തിയാണ്. 1948 ഡിസംബര്‍ 8ന് മുസ്ലീം ബ്രദര്‍ഹുഡിനെ ഈജിപ്ത് സര്‍ക്കാര്‍ നിരോധിച്ചതിന് ശേഷം മാസങ്ങള്‍ക്കിപ്പുറം 1949 ഫെബ്രുവരി 11 ന് ഹസനുല്‍ ബന്ന അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

പലസ്തീനിലെ ഇസ്രയേല്‍ സൈനിക നടപടിയ്ക്കിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളാണ് ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവര്‍. ഇസ്രയേല്‍ സൈനിക നടപടികളില്‍ കൊല്ലപ്പെട്ട ഇവരുടെ ഫോട്ടോകളും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ക്കൊപ്പം സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരത്തില്‍ ഉയര്‍ത്തിക്കാട്ടിയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

വഖഫ് നിയമത്തിന് എതിരായ സമരങ്ങളുടെ പേരില്‍ നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും തമ്മിലുള്ള കൂട്ടു കച്ചവടമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ആഗോള തലത്തില്‍ തീവ്ര നിലപാടുകാര്‍ എന്ന് വിലയിരുത്തുന്നവരെ രാജ്യത്തെ പ്രതിഷേധങ്ങളില്‍ അടയാളപ്പെടുത്തുന്ന സാഹചര്യം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഇവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com