
കൊച്ചി: മുംബൈ ഭീകാരാക്രമണണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ രാജ്യത്ത് എത്തിച്ചതോടെ 2008ല്‍ അദ്ദേഹം നടത്തിയ കേരള സന്ദര്‍ശനത്തിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ എന്നതില്‍ ആകാംഷയേറുന്നു. ഒരു സ്ത്രീയ്‌ക്കൊപ്പം നവംബറില്‍ കൊച്ചിയിലെത്തിയ തഹാവൂര്‍ റാണ മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ താമസിച്ചതായി കേരളാ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മൂംബൈ ഭീകരാക്രമണക്കേസില്‍ റാണ ചിക്കാഗോയില്‍ നിന്ന് പിടിയിലായി ഒരു വര്‍ഷം കഴിഞ്ഞാണ് റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ അറിഞ്ഞതായി അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. '24 മണിക്കൂറിലേറെ നേരം കൊച്ചിയിലെ ഒരു ഹോട്ടലില്‍ താമസിച്ചതായി ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശമോ, ആരെയൊക്കെ കണ്ടു എന്നുതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. റാണയെ രാജ്യത്തിന് കൈമാറിയതോടെ ഇതുസംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'- ജേക്കബ് പുന്നൂസ് പറഞ്ഞു.
അന്ന് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെല്ലാം കേരളാ പൊലീസ് എന്‍ഐഎക്ക് കൈമാറിയിരുന്നു. ഡേവിഡ് ഹെഡ്‌ലി കേരളം സന്ദര്‍ശിച്ചോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റാണ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യയോഗത്തിന് പറ്റിയ ഇടം എന്ന നിലയിലാവാം കൊച്ചി തെരഞ്ഞെടുത്തതെന്നായിരുന്നു അന്ന് കേരളാ പൊലീസിന്റെ നിഗമനം. സാധാരാണയായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ വളരെ അകലയെുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. അതിന്റെ ഭാഗമാകാം കൊച്ചിയിലെ സന്ദര്‍ശനമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
റാണയെ രാജ്യത്തിന് കൈമാറിയതോടെ മുംബൈ ഭീകരാക്രമണത്തിന്റെ മുഴുവന്‍ ഗുഡാലോചനയും പുറത്തുവരുമെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. തഹാവൂര്‍ റാണയ്ക്ക് പരമാവധി ശിക്ഷ ഉണ്ടാകുമെന്നാണ് പ്രതിക്ഷ. റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചത് നിര്‍ണായക നേട്ടമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 14 വര്‍ഷത്തിന് ശേഷമാണ് റാണയെ ഇന്ത്യയില്‍ എത്തിക്കുന്നത്. ആക്രമണം നടത്താന്‍ മറ്റാരെങ്കിലും സഹായിച്ചിരുന്നോ ഏതെങ്കിലും തരത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി അറിയാന്‍ സാധിക്കുമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
ഇന്ത്യയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരമാണ്. ഒരുപാട് രഹസ്യങ്ങള്‍ റാണക്ക് അറിയാം, പുതിയ പേരുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാണയ്ക്കെതിരെ നിരവധി തെളിവുകള്‍ ശേഖരിച്ചിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഓരോ ഇന്ത്യക്കാരുടെയും മനസിലുള്ള ചോദ്യങ്ങള്‍ക്ക് ഇതോടെ ഉത്തരം ലഭിക്കും ബെഹ്റ കൂട്ടിച്ചേര്‍ത്തു. റാണ കൊച്ചിയില്‍ വന്നതടക്കമുള്ള തെളിവുകള്‍ അന്ന് ലഭിച്ചിരുന്നു. ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്തപ്പോള്‍ റാണയെ കുറിച്ച് പറഞ്ഞിരുന്നു. പാസ്‌പോര്‍ട്ട് ഉണ്ടാക്കികൊടുത്തതും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തതും റാണയാണ്. ഇരുവരും തമ്മില്‍ നൂറിലധികം ഫോണ്‍ കോളുകളാണ് ചെയ്തിരുന്നത്. റാണ നിരവധി തവണ ഇന്ത്യയില്‍ എത്തിയത്തിന്റെ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ അമേരിക്കയില്‍ പോയി ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ.
വിദേശ റിക്രൂട്ട്മെന്റ് നടത്താനെന്ന വ്യാജേന 2008 നവംബര്‍ 16നാണ് മറൈന്‍ ഡ്രൈവിനടുത്തുള്ള താജ് ഹോട്ടലില്‍ റാണ താമസിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യങ്ങളും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ അദ്ദേഹം കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഭീകരാക്രമണത്തിലെ ഗൂഡാലോചനയിലെ മുഖ്യകണ്ണിയാണ് ഡേവിഡ് ഹെഡ്‌ലി. കടല്‍ വഴി ബോട്ടിലെത്തിയ 10 ലഷ്‌കര്‍ ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, താജ് ഒബ്‌റോയ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക