Pinarayi Vijayan: 'കുമാരനാശാന് പോലും സാധിക്കാത്ത കാര്യം വെള്ളാപ്പള്ളിക്ക് കഴിഞ്ഞു; അനിതരസാധാരണമായ പ്രവര്‍ത്തനം'; പുകഴ്ത്തി മുഖ്യമന്ത്രി

ആ നേതൃത്വത്തില്‍ യോഗം വളര്‍ന്നു. ട്രസ്റ്റ് വളര്‍ന്നു. ആ വളര്‍ച്ച കൊണ്ട് അദ്ദേഹത്തിന്റെ നേതൃസിദ്ധി അളക്കാന്‍ നമുക്ക് കഴിയും.
pinarayi
പിണറായി വിജയന്‍
Updated on

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കര്‍മശേഷിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേതൃപാടവം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. സംഘടനയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു. ഒരു സംഘടനയുടെ അമരക്കാരനായിരുന്നാല്‍ ആ സംഘടനയ്ക്ക് ദൗര്‍ബല്യം ഉണ്ടാകുന്ന ഇടപെടലുകളല്ല, കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതിന് പ്രത്യേക അഭിനന്ദനമെന്ന് പിണറായി പറഞ്ഞു

ഒരുവിദ്യാലയത്തില്‍ വച്ച് ഇത്തരമൊരു ആദരിക്കല്‍ ചടങ്ങ് നടക്കുന്നുവെന്നത് വളരെ പ്രധാനമാണ്. എസ്എന്‍ഡിപിയുടെ അമരക്കാരനായി മൂന്ന് ദശകം ഇരിക്കാന്‍ കഴിയുക എന്ന് പറയുമ്പോള്‍, കുമാരാനാശാന്‍ പോലും 16 വര്‍ഷമേ ഈ സ്ഥാനത്ത് ഇരുന്നുള്ളൂ. ഗുരുസന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് വെള്ളാപ്പള്ളിക്ക് ഈ മൂന്ന് പതിറ്റാണ്ടുകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും കര്‍മനിരതമായ നേതൃത്വം യോഗത്തിന് ഉണ്ടാകുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടെത്. അതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും പിണറായി പറഞ്ഞു.

ആ നേതൃത്വത്തില്‍ യോഗം വളര്‍ന്നു. ട്രസ്റ്റ് വളര്‍ന്നു. ആ വളര്‍ച്ച കൊണ്ട് അദ്ദേഹത്തിന്റെ നേതൃസിദ്ധി അളക്കാന്‍ നമുക്ക് കഴിയും. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ പുരോഗമനപരവും നേതൃപരവുമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് എസ്എന്‍ഡിപി. കേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗുരു നേതൃത്വം കൊടുത്തതെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com