
പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു.
2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
അടൂരില്‍നിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന് കരുതിക്കൂട്ടി ശ്രമിക്കുകയായിരുന്നു. അക്രമം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസായിരുന്നു പ്രായം. യാത്രാ റൂട്ട് മാറ്റി ആറന്മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നതാണ് കേസ്. കോവിഡ് മൂലം അവശയായിരുന്ന പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. കേസിനാവശ്യമായ തെളിവുകള്‍ മൊബൈല്‍ ഫോണിലൂടെ ശേഖരിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക