
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം എന്ന് പറഞ്ഞു കൊണ്ടുള്ള പ്രചാരണമാണ് ചിലര്‍ അഴിച്ചുവിട്ടത്. എന്നാല്‍ അത് പൂര്‍ണ തട്ടിപ്പ് ആണ് എന്നതാണ് ഇപ്പോള്‍ വ്യക്തമായത്. വഖഫ് ഭേദഗതി നിയമം കൊണ്ട് മുനമ്പത്ത് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. നിയമത്തിന് മുന്‍കാല പ്രാബല്യമില്ല എന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ച് കൊണ്ടാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. കൊച്ചിയില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് തന്നെ സത്യം അങ്ങോട്ട് വീണുപോയതായും മുഖ്യമന്ത്രി പരിഹസിച്ചു.
യഥാര്‍ഥത്തില്‍ അവര്‍ ഉദ്ദേശിച്ച കാര്യത്തില്‍ നിന്ന് വിപരീതമായ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീണത്. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ല എന്നാണ് കേന്ദ്രമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നത്. ബിജെപി കൊട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞുപോയി. പ്രശ്‌നപരിഹാരത്തിന് സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉപദേശമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മുനമ്പത്ത് നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കി കിട്ടണമെന്നതാണ് അവിടത്തെ ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ആ കാര്യത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്നവര്‍ എന്ന നിലയ്ക്ക് അവരുടെ അവകാശം എങ്ങനെ സംരക്ഷിക്കാനാകുമെന്ന കാര്യത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. അതിന്റെ ഭാഗമായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ആലോചിച്ചു. തുടര്‍ന്നാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കമ്മീഷനെ വെച്ചത്. കമ്മീഷന്റെ പ്രവര്‍ത്തനം നടക്കുമ്പോള്‍ അവിടെയുള്ളവരോട് ഒരു അഭ്യര്‍ഥന നടത്തിയിരുന്നു. സമരം അവസാനിപ്പിച്ച് കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തുനില്‍ക്കാനാണ് അഭ്യര്‍ഥിച്ചത്. ഈ അഭ്യര്‍ഥന അവര്‍ സ്വീകരിച്ചില്ല. അവര്‍ക്ക് മറ്റു ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ ചിലര്‍ പോയി പറഞ്ഞപ്പോള്‍ ഉണ്ടായതാണ്. വഖഫുമായി ബന്ധപ്പെട്ട വിഷയം കൂടിയാണല്ലോ. എങ്ങനെയൊക്കെ ആശയക്കുഴപ്പം ഉണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാന്‍ പറ്റും എന്നാണ് ചിലര്‍ നോക്കിയത്. കുളം കലക്കി മീന്‍ പിടിക്കുക എന്ന മാര്‍ഗമാണ് ചിലര്‍ സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ അതില്‍ മുന്‍പന്തിയില്‍ നിന്നത് ബിജെപി തന്നെയാണ്. സംഘപരിവാറിന്റെ അജന്‍ഡ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ വന്നത്. വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം എന്ന് പറഞ്ഞു കൊണ്ടുള്ള പ്രചാരണം ചിലര്‍ അഴിച്ചുവിട്ടു. അപ്പോള്‍ അത് പൂര്‍ണ തട്ടിപ്പ് ആണ് എന്നതാണ് പിന്നീട് വ്യക്തമായത്. മുസ്ലീം അപരവത്കരണത്തിനുള്ള, അതുവഴി രാഷ്ട്രീയ നേട്ടത്തിനുള്ള അവസരങ്ങളായിട്ടാണ് ഈ ബില്ലിനെ സംഘപരിവാര്‍ കണ്ടത്. ആര്‍എസ്എസിന് അടിസ്ഥാന നിലപാട് ഉണ്ട്. ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് അവര്‍ കാണുന്നത്.ഈ ബില്ലില്‍ വെറുപ്പിന്റെയും വിഭജനത്തിന്റെയും ഉള്ളടക്കമാണ് കാണുന്നത്. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വര്‍ഗീയതയെ സംതൃപ്തിപ്പെടുത്തുന്നതുമായ ഒരു നടപടിയിലേക്കാണ് നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നത്.'- മുഖ്യമന്ത്രി വിമര്‍ശിച്ചു.
'വഖഫ് ഭേദഗതി നിയമം കൊണ്ട് മുനമ്പത്ത് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. നിയമത്തിന് മുന്‍കാല പ്രാബല്യമില്ല എന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ച് കൊണ്ടാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. കൊച്ചിയില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും സത്യം അങ്ങോട്ട് വീണുപോയി. യഥാര്‍ഥത്തില്‍ അവര്‍ ഉദ്ദേശിച്ച കാര്യത്തില്‍ നിന്ന് വിപരീതമായ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീണത്. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ല എന്നാണ് കേന്ദ്രമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നത്. ബിജെപി കൊട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞുപോയി. പ്രശ്‌നപരിഹാരത്തിന് സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉപദേശം.'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക