'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'; സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
'Operation Spot Trap'; Around 700 government officials charged bribery case across the state
സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കി
Updated on

തിരുവനന്തപുരം: 'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിജിലന്‍സ് നിരിക്ഷണത്തിലുണ്ട്. അഴിമതി സംബന്ധിച്ച് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകും. നിരന്തരം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ വിജിലന്‍സ് പിടിയിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഭരണതലത്തില്‍ അഴിമതി അവസാനിപ്പിക്കുക എന്നത് ഈ സര്‍ക്കാരിന്റെ സുവ്യക്തമായ നയമാണ്. അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.

നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകര്‍ഷിക്കുന്ന തരത്തില്‍ നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന 'അഴിമതി മുക്ത കേരളം' ക്യാമ്പയിന്‍ നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ആവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളും ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും സുതാര്യമായും കാര്യക്ഷമതയോടെയും ജനങ്ങളില്‍ എത്തിക്കുകയാണ് പ്രധാനം. സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.' ZERO TOLERANCE TO CORRUPTION' എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്.

പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അവരുടെ ക്ഷേമത്തിനും ദുരിതനിവാരണത്തിനുമായി പ്രവര്‍ത്തിക്കേണ്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി അതീവ ഗൗരവമുള്ള വിഷയമാണ്. ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അവരെ കുടുക്കാന്‍ വി എ സി ബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ് എന്ന പദ്ധതി നടപ്പാക്കുന്നു. എല്ലാ ഓഫീസുകളിലും വിവരദാതാക്കളുടെ ശൃംഖല വികസിപ്പിച്ചെടുക്കുകയും അഴിമതിക്കാരെ നിരീക്ഷിക്കുകയും കൈക്കൂലി ആവശ്യപ്പെടുന്നതിനെതിരെ പരാതി നല്‍കാന്‍ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഫലമായി 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു (ജനുവരി-8, ഫെബ്രുവരി-9, മാര്‍ച്ച്-8). വിജിലന്‍സ് ചരിത്രത്തില്‍ മൂന്നു മാസത്തിനുള്ളില്‍ ഇത്രയധികം ട്രാപ്പ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 8 കേസ്സുകളിലായി 14 പേരെയാണ് വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. ജനുവരിയില്‍ 8 കേസ്സുകളിലായി 9 പേരെയും ഫെബ്രുവരിയില്‍ 9 കേസ്സുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ 14 റവന്യൂ ഉദ്യോസ്ഥരും, തദ്ദേശ സ്വയംഭരണം,പോലീസ് വകുപ്പുകളില്‍ നിന്നും 4 വീതം ഉദ്യോഗസ്ഥരും, വനം വകുപ്പില്‍ നിന്ന് 2 പേരും, വാട്ടര്‍ അതോറിറ്റി, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍, എന്നീ വകുപ്പുകളില്‍ നിന്നും ഓരോരുത്തര്‍ വീതവും, കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്. ഇത് കൂടാതെ 4 ഏജന്റുമാരെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലന്‍സ് അറസ്റ്റ്‌ചെയ്തു. ഡിജിറ്റല്‍ പണമിടപാടായി കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതില്‍പ്പെടും.

വിജിലന്‍സ് നടപടികളുടേയും ശുപാര്‍ശകളുടേയും ഫലമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ബോര്‍ഡര്‍ ചെക്ക് പോസ്റ്റ് രാത്രി കാലങ്ങളില്‍ നിര്‍ത്തലാക്കി. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളെ തുടര്‍ന്ന് മോട്ടോര്‍ വാഹനം, മൈനിംഗ് ആന്റ് ജിയോളജി, ജി.എസ്.ടി എന്നീ മൂന്ന് വകുപ്പുകളില്‍ നിന്ന് അധിക പിഴ, റോയല്‍റ്റി, പെനാല്‍റ്റി, നികുതി എന്നിങ്ങനെ സര്‍ക്കാരിന് 500 കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം ഉണ്ടായതായി കണക്കാക്കുന്നു.

വിജിലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കാലികമായ പ്രൊഫഷണലിസം കൊണ്ടുവന്നിട്ടുണ്ട്. അഴിമതി കേസുകള്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്നതിനും, അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റുമാരെ പിടികൂടുന്നതിനും ഇതിലൂടെ കഴിഞ്ഞു. അടുത്ത കാലത്ത് പാലക്കാട് ജില്ലയിലെ എം.വി.ഡി ചെക്ക്‌പോസ്റ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അഴിമതിയുടെ ശൃംഖല തന്നെ തകര്‍ക്കാന്‍ കഴിഞ്ഞു. അത് ആര്‍.ടി.ഓ യുടെ അറസ്റ്റില്‍ എത്തിച്ചേരുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരെ മാത്രമല്ല ഇത്തരത്തില്‍ പിടിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് നടപടിയെടുക്കുകയാണ്. ആര്‍.പി.എഫ്, സെന്‍ട്രല്‍ ജി.എസ്.ടി, കസ്റ്റംസ്, സി.ഐ.എസ്.എഫ് തുടങ്ങിയ വകുപ്പുകളിലെയും കേന്ദ്ര പോതുമേഖലാ സ്ഥപനമായ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ നിന്നും ലഭിച്ച വരുമാനം കണ്ടുകെട്ടുക മാത്രമല്ല വിദേശ ഫണ്ട് വകമാറ്റം, നിയമവിരുദ്ധമായി സമ്പാദിച്ച പണം പല സാമ്പത്തിക ഇടപാടുകളിലൂടെ മാറ്റുന്നത് കണ്ടെത്തുകയും ചെയ്യുന്നു. അഴിമതിക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ആവശ്യമായ ഏകോപനം നടത്തുന്നു.

വിജിലന്‍സിലെ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ രീതികളെ കുറിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍, ബാങ്ക് തട്ടിപ്പുകള്‍, പൊതു പണം സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ചോര്‍ത്തല്‍ തുടങ്ങിയവയില്‍ ഉദ്യോഗസ്ഥരുടെ അന്വേഷണമികവ് വര്‍ധിപ്പിക്കാനുള്ള പരിശീലനം ആരംഭിച്ചു.

പഴയ കേസുകള്‍ തീര്‍പ്പാക്കുക, അന്വേഷണം വേഗത്തിലാക്കുക, കെട്ടിക്കിടക്കുന്ന കേസ്സുകളുടെ എണ്ണം കുറയ്ക്കുക, വിചാരണ നടപടികള്‍ കാര്യക്ഷമമാക്കുക എന്നിവ പ്രധാനമാണ്. ഇതിന് കോടതികളുമായും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമായും അവലോകന യോഗങ്ങളിലൂടെ ശ്രമങ്ങള്‍ നടത്തുന്നു.

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'ന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കി. അഴിമതിക്കാരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോസ്ഥരും വിജിലന്‍സ് നിരിക്ഷണത്തിലുണ്ട്. അഴിമതി സംബന്ധിച്ച് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകും. നിരന്തരം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ വിജിലന്‍സ് പിടിയിലായിട്ടുമുണ്ട്.

അഴിമതി നടന്നതിനുശേഷം അന്വേഷിക്കുക എന്നതിലല്ല കാര്യം. അതിന് അവസരം നല്‍കാതെ ആരംഭത്തില്‍ തന്നെ ഉന്മൂലനം ചെയ്യുക എന്നതിലാണ്. ആ ലക്ഷ്യത്തോടെ വിവിധ വിഭാഗങ്ങളിലെ ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അഴിമതി നിരോധന നിയമങ്ങളെ പറ്റിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി.

സംസ്ഥാനത്തെ വിവിധ വിജിലന്‍സ് കോടതികളില്‍ കേസുകള്‍ അനന്തമായി നീളുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം കേസുകളുടെ വിചാരണ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുന്നതിനും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും കര്‍ശന നിര്‍ദ്ദേശം വിജിലന്‍സിന്റെ നിയമ വിഭാഗത്തിനും പ്രത്യേകിച്ച് പ്രോസിക്യൂട്ടര്‍മാര്‍ക്കും നല്‍കി. 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ 30 കേസുകള്‍ തീര്‍പ്പാക്കിയിരുന്നു. ഇതില്‍ കുറ്റകൃത്യം തെളിഞ്ഞ 28 പേര്‍ക്ക് ഉചിതമായ ശിക്ഷയും ലഭ്യമാക്കി. കോട്ടയം വിജിലന്‍സ് കോടതിയില്‍ 12 കേസുകള്‍ തീര്‍പ്പാക്കിയതില്‍ ഏഴുപേര്‍ക്കെതിരെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തീര്‍പ്പായ 21 കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേര്‍ക്കെതിരെയും, തൃശ്ശൂര്‍ വിജിലന്‍സ് കോടതി തീര്‍പ്പാക്കിയ 6 കേസുകളില്‍ 53 പേരെയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ തീര്‍പ്പായ 13 കേസുകളില്‍ 7 പേര്‍ക്കെതിരെയും തലശ്ശേരി വിജിലന്‍സ് കോടതി തീര്‍പ്പാക്കിയ 19 കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തിയ 8 പേര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ സ്വീകരിച്ചു. ഇത് വിജിലന്‍സ് ചരിത്രത്തിലെ സര്‍വ്വകാല റിക്കോര്‍ഡ് ആണ്.

ഇ-ഗവേണന്‍സ്, ഇ-ടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, നിയമാവബോധം, കര്‍ശന വിജിലന്‍സ് സംവിധാനം എന്നിവയുടെ ഫലപ്രദമായ വിനിയോഗങ്ങളിലൂടെ അഴിമതി നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അഴിമതി എന്ന വിപത്ത് തുടച്ചുനീക്കാനുള്ള യജ്ഞത്തില്‍ മുഴുവന്‍ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് ഈ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പ്രാധാന്യം നല്‍കുന്നു. ആ ലക്ഷ്യം നേടാനായി വലിയ തോതിലുള്ള ഇടപെടലാണ് തുടര്‍ച്ചയായി നടത്തുന്നത്. നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പ് അതില്‍ നമുക്ക് നടത്താനായിരിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജകമണ്ഡലമായി ധര്‍മ്മടം ഉയര്‍ന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. 2016 മുതല്‍ സര്‍ക്കാരിനെ നയിക്കുന്ന ആള്‍ എന്ന നിലയില്‍ അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു ആ പ്രഖ്യാപനം.

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായി ആരംഭിച്ച പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1ന് പൂര്‍ത്തിയായി. ആകെ കണ്ടെത്തിയതില്‍ 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുക്തരാക്കി. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ആദ്യ വര്‍ഷം ഊന്നല്‍ കൊടുത്തത്. ?അവകാശം അതിവേഗം? യജ്ഞത്തിന്റെ ഭാഗമായി 21,263 അവകാശരേഖകളും അടിയന്തിര സേവനങ്ങളും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി.

ഭക്ഷണം, ആരോഗ്യം എന്നിവ നേടാന്‍ പ്രാപ്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വഴി തടസ്സമില്ലാതെ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. അവശേഷിക്കുന്ന കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പൂരോഗമിക്കുകയാണ്. 2025 ഏപ്രില്‍ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 കുടുംബങ്ങളെ (78.74%) ഇതുവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇനി അതി ദാരിദ്ര്യമുക്തരാക്കാനുള്ള കുടുംബങ്ങളില്‍ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്.

വരുമാനം നേടാന്‍ പ്രയാസമുള്ള 5350 കുടുംബങ്ങളില്‍ ജീവനോപാധി ആരംഭിയ്ക്കുവാന്‍ശേഷിയുള്ള 4359 കുടുംബങ്ങള്‍ക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള ഉജ്ജീവനം പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായം നല്‍കി. 13 കുടുംബങ്ങള്‍ക്ക് കൂടി വരുമാന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു.

വീട് മാത്രം ആവശ്യമുള്ള 3143 കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണത്തിനുള്ള ആനുകൂല്യം നല്‍കി. അവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. വസ്തുവും വീടും ആവശ്യമുള്ള 699 കുടുംബങ്ങളുടെയും വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള കുടുബങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ആനുകൂല്യം നല്‍കുകയും 4049 വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ചെയ്തു. വീട് മാത്രമോ വസ്തുവും വീടുമോ ലഭിയ്ക്കുവാന്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ വാടക വീടുകളില്‍ താമസിയ്ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച 606 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും നടന്നു വരുന്നു. തദ്ദേശ സ്ഥാപന പരിധിയില്‍ ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ ഭൂമിയും, മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തി അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയും വീടും ആവശ്യമുള്ളവര്‍ക്ക് അനുവദിച്ച് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വലിയ പാര്‍സലുകളായി കിടക്കുന്ന ഭൂമികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തി

അതിദരിദ്രര്‍ക്ക് നല്‍കുക, വ്യക്തിഗത ഗുണഭോക്താക്കള്‍ നേരിട്ട് ഭൂമി വാങ്ങുക എന്നീ സാധ്യതകളും പരിശോധിച്ച് വരുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനം വഴി 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്‍ മുഖേന ഇത് വരെ 8.89 ഏക്കര്‍ ഭൂമിയും റവന്യു വകുപ്പ് മുഖേന 5.5 ഏക്കര്‍ റവന്യു ഭൂമിയും കണ്ടെത്തി.

2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയില്‍ നമ്മള്‍ താണ്ടുന്ന സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നായിയിരിക്കും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com