
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഹിയറിങ്ങിനായി ചീഫ് സെക്രട്ടറിക്ക് മുമ്പാകെ ഇന്ന് ഹാജരാകണം. വൈകീട്ട് 4. 30 ന് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ ഹിയറിങ്ങിന് പ്രശാന്ത് മുന്നോട്ടുവെച്ച ഉപാധികള്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ തള്ളിയിരുന്നു.
ഹിയറിങ്ങ് വീഡിയോ റെക്കോര്‍ഡ് ചെയ്യണം, അത് ലൈവ് സ്ട്രീമിങ് ചെയ്യണം എന്നീ ഉപാധികളായിരുന്നു പ്രശാന്ത് മുന്നോട്ടുവെച്ചിരുന്നത്. ഐഎഎസ് ചട്ടത്തില്‍ പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഈ ഉപാധികള്‍ തള്ളിയത്. വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തും. ഹിയറിങ്ങിന് ഹാജരായാല്‍ ചട്ട പ്രകാരമുള്ള നടപടി പൂര്‍ത്തീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.
അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ അപകീര്‍ത്തികരമായ വിമര്‍ശനം നടത്തിയതിന് കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കാതിരുന്നതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രശാന്തിനെ നേരിട്ട് കേള്‍ക്കാനും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക