കൊക്കെയ്ന്‍ കേസില്‍ ജയില്‍ വാസം, വിവാദങ്ങള്‍ തുടര്‍ക്കഥ, ഷൈന്‍ ടോം ചാക്കോയുടെ സിനിമാ വഴികള്‍

ഇതിഹാസ എന്ന ഷൈന്‍ ടോം ചാക്കോ ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായി പിടിയിലായത്
Cinema to drug case Shine Tom Chacko s controversial ways
ഷൈൻ ടോം ചാക്കോഫേയ്സ്ബുക്ക്
Updated on
2 min read

സിനിമ അഭിനയത്തില്‍ ഒന്നര പതിറ്റാണ്ട് പിന്നിട്ട കരിയര്‍. ഇതിനിടെ വിവാദങ്ങള്‍ ഒഴിയാത്ത കാലം. ലഹരി മരുന്ന് കേസില്‍ വീണ്ടും ഷൈന്‍ ടോം ചാക്കോ എന്ന പേര് സജീവമാകുകയാണ്. ഇതാദ്യമല്ല ഷൈന്‍ ടോം ചാക്കോ ലഹരിക്കേസില്‍ ഭാഗമാകുന്നത്.

2015 ജനുവരി 31-ന് കൊച്ചിയില്‍ നിന്നും ലഹരി മരുന്നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവട് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിഹാസ എന്ന ഷൈന്‍ ടോം ചാക്കോ ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായി പിടിയിലായത്.

അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ആ കേസ് വീണ്ടും കേരള സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഷൈന്‍ വീണ്ടും വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ഷൈന്‍ ടോം ചാക്കോ സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂര്‍ വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവില്‍ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു (25), ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്‌നേഹ ബാബു (25) എന്നിവരെയാണ് കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ നിന്നും അന്ന് എക്‌സൈസ് പിടികൂടിയത്. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ന്‍. കേസില്‍ അറസ്റ്റിലായി ജയില്‍ വാസം ഉള്‍പ്പെടെ ഷൈന്‍ ടോം അനുഭവിച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. അന്വേഷണ സംഘത്തിന് ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു കോടതി പ്രതികളെ വെറുതെവിട്ടത്.

22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടുന്ന സംഘത്തെ വലയിലാക്കിയത് എന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്. എന്നാല്‍ ഈ കരുതല്‍ കേസിന്റെ പിന്നീടുള്ള നടപടികളില്‍ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് ഉള്‍പ്പെടെ കേസിന് തിരിച്ചടിയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് കോടതി ഉത്തരവിലൂടെ പുറത്തുവന്നത്. ലഹരിക്കേസില്‍ പാലിക്കേണ്ട പ്രാഥമിക നടപടി ക്രമങ്ങള്‍ പോലും പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നത് ആയിരുന്നു എറണാകുളം അഡിഷണല്‍ കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നിന്ന് ഒന്നരക്കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ പിടിയിലായപ്പോഴും സിനിമ താരങ്ങളിലേക്ക് അന്വേഷണം നീണ്ടിരുന്നു. ഷൈന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഹരി കൈമാറിയിരുന്നു എന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്.

വിവാദങ്ങള്‍

സ്വാഭാവികമായി പെരുമാറിയിരുന്ന ഷൈന്‍ ഒരു ഘട്ടത്തില്‍ അസാധാരണ പെരുമാറ്റത്തിന് ഉടമയാകുന്ന കാഴ്ചയും കേരളം കണ്ടു. സിനിമ പ്രമോഷനില്‍ ഉള്‍പ്പെടെ പരിസര ബോധമില്ലാതെ പെരുമാറുന്ന ഷൈന്‍ പലപ്പോഴും പരിഹാസ കഥാപാത്രമായും മാറി. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം പോലും ഇതേ പ്രവണതയായിരുന്നു ഷൈന്‍ തുടര്‍ന്നുവന്നത്.

മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഇറങ്ങിയോടിയും വിമാനത്തിന്റെ കോക് പിറ്റില്‍ കയറിയും നിരന്തരം ഷൈന്‍ വിവാദങ്ങളില്‍ നിറഞ്ഞു. പൈലറ്റ് വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനായിരുന്നു കോക് പിറ്റില്‍ കയറിയത് എന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം. ഏറ്റവുമൊടുവില്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലും ചോദ്യങ്ങളോട് അസ്വസ്ഥനായ ഷൈന്‍ മൈക്ക് പോലും തിരികെ നല്‍കാതെ ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍സിയുടെ ആരോപണങ്ങളിലും, പൊലീസിനെ കണ്ട് ഇറങ്ങിയോടിയ സംഭവത്തിലും ഷൈന്‍ ഇടം പിടിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com