പി വി അന്‍വറിന് സെല്‍വരാജിന്റെ ഗതിവരുമോ?; ചരിത്രം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച
നിലമ്പൂര്‍ വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇടതുപക്ഷ എംഎല്‍എ ആയിരുന്ന പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും പരസ്യയുദ്ധം പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുമ്പോള്‍ മുന്‍ നെയ്യാറ്റികര എംഎല്‍എ ആര്‍ സെല്‍വരാജിന്റെ ചരിത്രം മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. അന്‍വറിന്റെ ഏറ്റവും പുതിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ചര്‍ച്ച സജീവമാകുന്നത്.
മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന സെല്‍വരാജ് സിപിഎം വിട്ടതിന് പിന്നാലെ രാഷ്ട്രീയ കേരളത്തില്‍ അപ്രസക്തമായെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. പി വി അന്‍വറിനെ കാത്തിരിക്കുന്നതും സമാനമായ സാഹചര്യമാണെന്നാണ് പോസ്റ്റും കമന്റുകളും ചൂണ്ടിക്കാട്ടുന്നത്. സിപിഎമ്മിനോട് യുദ്ധം പ്രഖ്യാപിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിക്കാന്‍ ശേഷിയുണ്ടാകണം എന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയവരുടെ നിലയെന്തെന്ന മറുചോദ്യമാണ് എതിര്‍ പക്ഷം ഉയര്‍ത്തുന്ന പ്രതിരോധം.
ഇടതുപക്ഷത്ത് നിന്ന് പൊതുപ്രവര്‍ത്തനം തുടങ്ങിയ വ്യക്തിയായിരുന്നു ആര്‍ സെല്‍വരാജ്. ദീര്‍ഘകാലം സിപിഎം അംഗം, പാറശാല ഏരിയാ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സംഘടനാതലത്തിലും ശ്രദ്ധേയനായ നേതാവ്. ആദ്യം പരാജയപ്പെട്ടും പിന്നീട് മണ്ഡലം പിടിച്ചും തെരഞ്ഞെടുപ്പ് പോരാട്ടം നടത്തിയ നേതാവ്. 2011 ല്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫിലെ തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തി വിജയിച്ച സെല്‍വരാജ് 2012 ല്‍ സിപിഎമ്മില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.
സെല്‍വരാജ് എന്ന നേതാവിന്റെ പതനത്തിന്റെ തുടക്കം കൂടിയായിരുന്നു ഇതെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചത് എന്നാണ് പ്രധാന വാദം. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുതന്നെ സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ആത്മഹത്യ ചെയ്യേണ്ടിവന്നാലും യുഡിഎഫില്‍ ചേരില്ലെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു ഈ സ്ഥാനാത്ഥിത്വം. ജനവിധി സെല്‍വരാജിനെ അത്തവണ തുണച്ചു. മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലം സെല്‍വരാജിന്റെ കയ്യില്‍ നിന്നും എല്‍ഡിഎഫ് തിരിച്ചുപിടിച്ചതോടെ സെല്‍വരാജിന്റെ രാഷ്ട്രീയ വിസ്മൃതിയിലേക്ക് മറയുന്നതും കേരളം കണ്ടു.
സമാനമായിരിക്കും പി വി അന്‍വറിന്റെ ഭാവിയെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെല്‍വരാജിനെ സിപിഎം നേരിട്ട അതേ രീതിയാണ് ഇപ്പോള്‍ പി വി അന്‍വറിനെയും പാര്‍ട്ടി കൈകാര്യം ചെയ്യുന്നത് എന്നാണ് പ്രധാന വാദം. തീര്‍ത്തും അവഗണിക്കുക എന്നതാണ് ആ തന്ത്രം, കൂടെ പരിഹാസവും. സെല്‍വരാജുമായി താരതമ്യം ചെയ്താല്‍ പി വി അന്‍വര്‍ പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണെന്നും വിമർശകർ പറയുന്നു. മാധ്യമങ്ങളുടെയും പണത്തിന്റെയും പിന്‍ബലം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പോലും പി വി അന്‍വറിന്റെ കരുത്ത് ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു. നിലപാട് മാറ്റം അവരെയും എതിര്‍പക്ഷത്താക്കിയെന്നും പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം പി വി അന്‍വറിനുള്ള മാധ്യമ ശ്രദ്ധ പൂര്‍ണമായും ഇല്ലാതാകുമെന്നും മാധ്യമങ്ങളുടെ തണലില്‍ എല്ലാകാലവും നിലനില്‍ക്കാമെന്ന മിഥ്യാധാരണയിലാണ് അന്‍വര്‍ മുന്നോട്ട് പോകുന്നത് എന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇടതുപക്ഷ സ്വതന്ത്രന്‍ ആയിട്ടാണ് അന്‍വര്‍ നിലമ്പൂരില്‍നിന്നൂം ജയിച്ചത് അദ്ദേഹത്തിന് സ്വകാര്യമായി വോട്ടുകളുള്ള മണ്ഡലമാണ് നിലമ്പൂര്‍. പല പഞ്ചായത്തുകളിലും അദ്ദേഹത്തിന് നിയന്ത്രണമുണ്ട്. അന്‍വര്‍ പിന്തുണയ്ക്കുന്ന മുന്നണി അവിടെ അനായാസം ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവയ്ക്കുന്നവരും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

