'മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ?, ലിപ്സ്റ്റിക് ഒക്കെ ഉണ്ടല്ലോ?'; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്.
aarathi - ramachandran
ആരതി - രാമചന്ദ്രന്‍
Updated on
2 min read

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.

'സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ഹിന്ദു മതത്തില്‍ പെട്ട ആള്‍ ആയതില്‍ ലജ്ജ തോന്നുന്നു, കേരളത്തില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്‍ മൂര്‍ദബാദ് എന്നൊരു ബോര്‍ഡ് വച്ചാല്‍ അപ്പോള്‍ അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,'

'ഭാഗ്യം! അച്ഛന്‍ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്‍ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്‍ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്‍ട്ടും. പിന്നെ തീവ്രവാദികള്‍ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്‍ ഈ ബോള്‍ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്‍ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്‍ഡായ മകള്‍ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ'... എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്‍.

'അച്ഛന്‍ മരിച്ച മകളുടെ അണിഞ്ഞൊരുങ്ങി വന്നുള്ള മീഡിയ പ്രതികരണം കാണുമ്പോള്‍ നമുക്കുള്ള മാനസികാവസ്ഥയോ ഒരു ദുഃഖമോ ആ മകളില്‍ കാണുന്നില്ല, അച്ഛന് നേര്‍ക്ക് തീവ്രവാദികള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഇവള്‍ പൊട്ടിച്ചിരിച്ചുകാണും. അതാണ് തീവ്രവാദികള്‍ കലികയറി അച്ഛനെ വെടിവച്ചുകൊന്നത്, അപ്പന്റെ മരണം വിറ്റ് പബ്ലിസിറ്റിയും പ്രശസ്തിയും അടിച്ചെടുക്കാനുള്ള അവസരം മുതലെടുക്കുകയാണ്. അവള്‍ക്ക് മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല.. പട്ടിഷോ, എന്തൊരു ജന്മം'... ഇങ്ങനെ പോകുന്ന ചിലരുടെ വിഷലിപ്തമായ കമന്റുകള്‍.

'ഈ സമയം ആ സഹോദരിയ്ക്ക് വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെ വിഷം തുപ്പി, താന്‍ നേരിട്ട ദുരനുഭവത്തെ പൊലിപ്പിച്ചു പറയാമായിരുന്നു. ഹൃദയം നടുങ്ങുന്ന വേദന മനസ്സില്‍ ഉണ്ടായിട്ടും വളരെ പക്വതയോടെ സമന്വയത്തോടെ വിചാരത്തോടെ സംസാരിച്ച നിങ്ങള്‍ ആണ് സഹോദരി ധീരയായ വനിത, അച്ഛന്‍ നഷ്ടപ്പെട്ടിട്ടും വളരെ ബോള്‍ഡായി സംസാരിക്കുന്ന ഇവരെ ധീര വനിത എന്നുതന്നെപറയാം. തന്നെ സഹായിച്ച മുസാഫിര്‍, സമീര്‍ ഇവരെ മറക്കാതെ എടുത്തുപറഞ്ഞ മേടത്തിന്റെ ലൈഫില്‍ നന്മകള്‍ മാത്രം എന്നും പൂത്തുലയട്ടെ, അച്ഛന് അഭിമാനം ആണ് ഈ മോള്‍. കരഞ്ഞോ കുറ്റപ്പെടുത്തിയോ സംസാരിക്കാതെ, നടന്നത് എന്താണ് കണ്ടത് എന്താണ് എന്ന് കൃത്യമായി പറഞ്ഞു' എന്നിങ്ങനെ പോകുന്നു പിന്തുണയ്ക്കുന്നവരുടെ കുറിപ്പുകള്‍. മാതാപിതാക്കള്‍ക്കും ആറ് വയസുകാരുമായ ഇരട്ടക്കുട്ടികള്‍ക്കൊപ്പം കശ്മീര്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ആരതി. അതിനിടെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണം ഉണ്ടായതോടെയാണ് പിതാവ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്.

ആരതിയുടെ വാക്കുകള്‍ ഇങ്ങനെ: ''അനുജത്തിയെ കൊണ്ട് നടക്കുന്നതുപോലെയാണ് ഇരുവരും തന്നെ കൊണ്ടുനടന്നത്. മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി രാത്രി മൂന്നുമണിവരെ ആശുപത്രിയില്‍നിന്നു. കശ്മീരില്‍ പോയപ്പോള്‍ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടിയെന്നാണ് യാത്രയാക്കാന്‍ വന്നപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത്. അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെയെന്ന് അവരോട് പറഞ്ഞു. പ്രദേശവാസികളാണ് അമ്മയ്ക്ക് താമസിക്കാൻ ഇടംനല്‍കിയത്.''- ആരതി പറഞ്ഞു.

ഭീകരാക്രമണമാണെന്ന് മനസ്സിലായപ്പോള്‍ ഓടിയെന്നും കാടിനു നടുവിലെ പുല്‍മേടിലെത്തിയപ്പോള്‍ ഭീകരവാദി മുന്നിലെത്തിയെന്നും ആരതി പറഞ്ഞു. വെടിയേറ്റ് വീണ അച്ഛനെ കെട്ടിപ്പിടിച്ചപ്പോള്‍ തന്റെ തലയ്ക്ക് തോക്ക് ചൂണ്ടിയെന്നും ആരതി കൂട്ടിച്ചേര്‍ത്തു.

''വെടിയൊച്ച കേട്ടു. ഭീകരാക്രമണമാണെന്ന് മനസ്സിലായപ്പോള്‍ എല്ലാവരും പരിഭ്രമിച്ച് ഓടി. അച്ഛനും അമ്മയും ഞാനും എന്റെ കുട്ടികളും എല്ലാംകൂടി ഓടി. തുടര്‍ന്ന് ടോയ്ലറ്റ് പോലെയുള്ള ചെറിയ കെട്ടിടത്തിനു പിറകില്‍ രണ്ടുമിനിറ്റോളം നിന്നു. അവിടെനിന്ന് ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും റെയ്ഞ്ചുണ്ടായിരുന്നില്ല. അവിടെനിന്ന് ഫെന്‍സിന്റെ അടിയിലൂടെ രക്ഷപ്പെട്ട് കാടിനു നടുവിലെ പുല്‍മേടിലെത്തി. അവിടെ എത്തിയപ്പോഴേക്കും ഒരു ഭീകരവാദി മുന്നിലെത്തി. അയാള്‍ ഒരു വെടിയുതിര്‍ത്തപ്പോഴേക്ക് ഞങ്ങളെല്ലാം മരവിച്ചുപോയി. അതോടെ അച്ഛനും ഞാനും മക്കളും ഒരുവശത്ത്, വേറെയുള്ള ചിലര്‍ മറുവശത്ത് അങ്ങനെ ഞങ്ങള്‍തന്നെ പല പല ഗ്രൂപ്പായി.

"അക്രമി ഓരോ ഗ്രൂപ്പിന്റെ അടുത്തുപോയി എന്തൊക്കെയോ ചോദിച്ച് ഷൂട്ട് ചെയ്യും. അടുത്ത ഗ്രൂപ്പിന്റെ അടുത്ത് പോയി ചോദിക്കും, ഷൂട്ട് ചെയ്യും... ഞങ്ങളെല്ലാവരോടും കിടക്കാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ നിലത്ത് കിടന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഒരു വാക്കാണ് ചോദിച്ചത്. കലിമ അങ്ങനെ എന്തോ. രണ്ടു പ്രാവശ്യമേ ചോദിച്ചുള്ളൂ. ഞങ്ങള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ ഞങ്ങളുടെ മുന്‍പില്‍വെച്ച് അച്ഛനെ വെടിവെച്ചു. ഉടനെത്തന്നെ അച്ഛനെ കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ തലയ്ക്കും തോക്ക് ചൂണ്ടി. അപ്പോഴേക്ക് കുട്ടികള്‍ വാവിട്ടു നിലവിളിച്ചു. തുടര്‍ന്ന് അയാള്‍ നടന്നുനീങ്ങി. അച്ഛന്‍ മരിച്ചെന്ന് മനസ്സിലായതോടെ മക്കളെയുംകൊണ്ട് അവിടെനിന്ന് പെട്ടെന്ന് ഇറങ്ങി ഓടി. ഒരു മണിക്കൂറോളം ഓടിയാണ് രക്ഷപ്പെട്ടത്.

"ഭീകരരില്‍ രണ്ടുപേരെയാണ് ഞങ്ങള്‍ കണ്ടത്. അതില്‍ ഒരാളാണ് ഞങ്ങളുടെയടുത്തേക്ക് വന്നത്. അവര്‍ എത്രപേരുണ്ടായിരുന്നെന്ന് അറിയില്ല. ഞങ്ങള്‍ ഓടുമ്പോള്‍ കുതിരകള്‍ ഓടുന്നുണ്ടായിരുന്നു. അവയുടെ കാല്‍ച്ചുവടു നോക്കിയാണ് ഞങ്ങള്‍ താഴേക്കെത്തിയത്. ഇതിനിടെ ഫോണിന് റെയ്ഞ്ച് ലഭിച്ചു. ഡ്രൈവറെ വിളിച്ചറിയിച്ച് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്ക് സൈന്യം ഇരച്ചെത്തി. അമ്മ നാട്ടിലെത്തിയശേഷമാണ് മരണവിവരം അറിഞ്ഞത്.''- ആരതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com